കൊച്ചി; ഹേമ കമ്മറ്റി റിപ്പോർട്ടിന് പിന്നാല മലയാള സിനിമയെ പിടിച്ചുലച്ച സംഭവവികാസങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. താരങ്ങൾക്കെതിരായ ആരോപണ പ്രത്യാരോപണങ്ങൾ കനക്കുന്നതിനിടെ അമ്മ ഭാരവാഹി സ്ഥാനങ്ങൾ നടൻ മോഹൻലാൽ ഉൾപ്പെടെ രാജിവയ്ക്കുകയും ചെയ്തു.
രാജി തീരുമാനത്തിനുള്ള ചർച്ചകൾ നടന്നത് വാട്‌സാപ്പ് ഗ്രൂപ്പിലാണെന്നാണ് വിവരം. മമ്മൂട്ടിയുമായി സംസാരിച്ച ശേഷമാണ് മോഹൻലാൽ വാട്‌സാപ്പിൽ അംഗങ്ങളുമായി സംസാരിച്ചത്. ഇനിയും ആക്രമണം വരും. നമ്മൾ ഒഴിയുന്നതാണ് നല്ലതെന്ന് മോഹൻലാൽ വാട്‌സാപ്പിൽ പറഞ്ഞു. പുതിയ തലമുറ വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആരോപണങ്ങൾക്കെതിരെ പോരാടണമെന്നായിരുന്നു ചില അംഗങ്ങളുടെ അഭിപ്രായം. ഫൈറ്റ് ചെയ്യാൻ രാഷ്ട്രീയമല്ലെന്നും ഈ ഘട്ടത്തിൽ മറ്റു ചർച്ചകളിലേക്ക് പോകേണ്ട എന്നുമായിരുന്നു മോഹൻലാലിന്റെ മറുപടി.
താരസംഘടനയായ അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടത് പൊട്ടിത്തെറിയുടെ വക്കിൽ നിന്നാണെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഉടൻ തീരുമാനം എടുത്തില്ലെങ്കിൽ വാർത്താസമ്മേളനം വിളിച്ച് പലതും തുറന്നുപറയേണ്ടി വരുമെന്ന് പല അംഗങ്ങളും പറഞ്ഞതായാണ് സൂചന. തുടർന്നാണ് ഓൺലൈനിൽ യോഗം വിളിക്കാൻ തീരുമാനമുണ്ടായത്.
സംഘടനയുടെ കെട്ടുറപ്പു നിലനിർത്തുക അത്യാവശ്യമെന്ന് വന്നതോടെയാണ് ഒരു ധാർമിക കാര്യമെന്ന നിലയിൽക്കൂടി രാജിക്കാര്യത്തിലേക്ക് കടക്കാമെന്ന് നേതൃത്വം തീരുമാനിച്ചത്. മമ്മൂട്ടിയുമായി സംസാരിച്ച ശേഷം പ്രസിഡന്റ് മോഹൻലാൽ തന്നെയാണ് ഇക്കാര്യം ആദ്യം അവതരിപ്പിച്ചത്.കാര്യം അറിയിക്കുമ്പോൾ മോഹൻലാൽ വികാരാധീനനായിരുന്നു എന്നാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളിലൊരാൾ പറഞ്ഞത്.
Discussion about this post