കൊച്ചി; ഹേമകമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഉണ്ടായ പ്രതിസന്ധിയിൽ കഴിഞ്ഞ ദിവസമാണ് താരസംഘടനയായ അമ്മയുടെ ഭരണസമിതി രാജിവച്ചത്. ഇതിൽ പ്രതികരിക്കുകയാണ് നടൻ ധർമ്മജൻ. മോഹൻലാൽ അടക്കമുള്ളവർ രാജിവെച്ചത് നല്ല കാര്യമായാണ് താൻ കാണുന്നതെന്ന് ധർമ്മജൻ പറഞ്ഞു.
അമ്മ സംഘടന പിരിച്ചുവിട്ടാലും ആർക്കും ഒരു കുഴപ്പവുണ്ടാവില്ല. എല്ലാവരും സിനിമയിൽ അഭിനയിക്കും. അമ്മയിൽ കുറേ പാവപ്പെട്ട ആളുകളുണ്ട്. അവർക്ക് സഹായം ചെയ്യുന്നുണ്ട്. പുറത്ത് കുറേ പേരെ സഹായിക്കുന്നുണ്ട്. അമ്മ പിരിച്ചുവിട്ടാൽ മോഹൻലാലിനോ കോടികൾ വാങ്ങുന്ന നടന്മാർക്കോ വല്ല കുഴപ്പവുമുണ്ടാകുമോയെന്നും ധർമജൻ ചോദിച്ചു.പറയാനുള്ളത് പറയാനാണ് ദൈവം നമുക്ക് നാവ് തന്നിട്ടുള്ളതെന്ന് നടൻ കൂട്ടിച്ചേർത്തു.
താൻ താരസംഘടനയിൽനിന്നും അഞ്ചുപൈസ പോലും കൈപ്പറ്റിയിട്ടില്ലെന്ന് ധർമജൻ വ്യക്തമാക്കി. ഭാവിയിൽ താരസംഘടനയുടെ ഭാഗത്തുനിന്ന് എന്തെങ്കിലുമൊരു സഹായം വേണ്ടിവന്നാൽ അവരെന്നെ സഹായിക്കേണ്ടിവരും. ലാലേട്ടനേയും മമ്മൂക്കയേയും പോലുള്ള ആളുകൾക്ക് ഈ സഹായമൊന്നും ആവശ്യമില്ല. ഒരുപാട് പേർക്ക് നിരവധി സഹായം ചെയ്ത സംഘടനയെ മോശം പറയരുതെന്ന് താരം പറഞ്ഞു. കോടികൾ വാങ്ങുന്ന ഇഷ്ടംപോലെ യുവതാരങ്ങളുണ്ടല്ലോ. പൃഥ്വിരാജും ആസിഫ് അലിയും ചാക്കോച്ചനുമൊക്കെ അധികാരത്തിലേക്ക് വരണം. നല്ല ഇമേജുള്ള ആളുകൾ അധികാര സ്ഥാനങ്ങളിലേക്ക് വരണം. കുറേക്കാലത്തെ അനുഭവ സമ്പത്തൊന്നുമല്ല അതിന് നോക്കേണ്ടത്. ഇപ്പോൾ രാജിവെച്ചവരിലും നല്ല ആളുകളുണ്ട്. അവർ അവരുടെ മാന്യത കാണിച്ച് പുറത്തേക്കുപോയി. നാലുപേർ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽനിന്ന് രാജിവെച്ചിട്ടില്ലെന്നും പറയുന്നു. ഇത് ഭയങ്കര കുഴപ്പമാണ്. രണ്ട് വിളി വിളിച്ചാൽ എനിക്ക് ഫോണിൽ കിട്ടുന്നയാളാണ് ഇടവേള ബാബു. സിദ്ദിഖ് ഇക്കയും അങ്ങനെ തന്നെ. ലാലേട്ടനെ അങ്ങനെ വിളിച്ചിട്ടില്ല. വിളിച്ചാൽ കിട്ടുന്നയാളാവണം ഇനി പ്രസിഡന്റാവേണ്ടത്.’ ധർമജൻ അഭിപ്രായപ്പെട്ടു.
Discussion about this post