ഭാദ്രപാദ മാസത്തിലെ വിനായക ചതുര്‍ത്ഥി ചതുര്‍ത്ഥികളില്‍ ഏറെ വിശേഷപ്പെട്ടതായി ആണ് കരുതുന്നത്. സകല വിഘ്നങ്ങളും നീക്കുന്ന ഗണപതി ഭഗവാന്റെ ജന്മനാളാണ് വിനായക ചതുര്‍ത്ഥി. വിനായക ചതുര്‍ത്ഥി ആഘോഷവുമായി ബന്ധപ്പെട്ട് നിരവധി വിശ്വാസങ്ങളും, ആചാരങ്ങളും നിലനില്‍ക്കുന്നുണ്ട്.
വിനായക ചതുര്‍ത്ഥിയുമായി ബന്ധപ്പെട്ട ഐതിഹ്യം എന്താണെന്ന് അറിയാം…
ഒരിക്കല്‍ ചന്ദ്രലോകത്തില്‍ നടക്കുന്ന വിരുന്നിലേക്ക് ഗണപതിക്കും ക്ഷണം ലഭിച്ചു. മോദക പ്രിയനാണല്ലോ ഭഗവാന്‍.
പല വിഭവങ്ങളും വിരുന്നിന് ഒരുക്കിയിരുന്നെങ്കിലും മോദകമാണ് വിനായകന്‍ ഏറെ കഴിച്ചത്. തിരികെ പോരുന്ന സമയം ചന്ദ്രദേവന്റെ നിര്‍ദേശപ്രകാരം കുറച്ചധികം മോദകം ഗണപതി കൂടെ കൊണ്ട് പോന്നു. എന്നാൽ, ഭാരക്കൂടുതൽ കാരണം കുറെ മോദകം താഴെ വീണു. ഇതുകണ്ട് ചന്ദ്രദേവന്‍ പൊട്ടിച്ചിരിച്ചു. എന്നാൽ, ഇത് അപമാനമായി തോന്നിയ ഗണപതി ചന്ദ്ര ദേവനെ ശപിച്ചു.
‘നിന്നെ ദര്‍ശിക്കുന്ന ഏതൊരാൾക്കും കള്ളന്‍ എന്ന പേര് വരും. അങ്ങനെ എല്ലാവരും നിന്നെ വെറുക്കും’ ഇങ്ങനെയായിരുന്നു ശാപം. അബദ്ധം മനസ്സിലാക്കിയ ചന്ദ്ര ദേവന്‍ ഗണപതിയോട് ക്ഷമാപണം നടത്തുകയും ശാപ മുക്തി നൽകാൻ അപേക്ഷിക്കുകയും ചെയ്തു. ശാപം തിരിച്ചെടുക്കാന്‍ കഴിയാത്തത് കൊണ്ട് ഇന്ന് ഭാദ്രപാദമാസത്തിലെ ചതുര്‍ത്ഥിയാണ് അതുകൊണ്ട് ഇന്ന് മുതല്‍ എല്ലാ കാലങ്ങളിലുമുള്ള ഭാദ്രപാദ മാസത്തിലെ ചതുര്‍ത്ഥിക്കും നിന്റെ ദര്‍ശനം ആളുകൾ ഒഴിവാക്കട്ടേ എന്നും വിനായകന്‍ പറഞ്ഞു. അങ്ങനെയാണ് ചതുര്‍ത്ഥി ദിവസം ചന്ദ്രനെ കാണരുത് എന്ന വിശ്വാസം വന്നത്.
ചതുര്‍ത്ഥി ദിവസം ചന്ദ്രനെ കാണുന്നത് ചീത്തപ്പേര് കേള്‍ക്കുവാനും മോഷണക്കുറ്റം ആരോപിക്കപ്പെടുവാനും കാരണമാകുമെന്ന് ആണ് വിശ്വാസം. സെപ്തംബര്‍ 7 ന് ആണ് ഈ മാസത്തെ വിനായക ചതുര്‍ത്ഥി.
Discussion about this post