തിരുവനന്തപുരം; നടനും എംഎൽഎയുമായ മുകേഷിനെതിരായി ലൈംഗികപീഡനപരാതി ഉയർന്നതിന് പിന്നാലെ ഇടതുമുന്നണി രണ്ടുതട്ടിൽ. മുകേഷ് എംഎൽഎ സ്ഥാനത്തിരിക്കുന്നത് ധാർമ്മികമല്ലെന്നും രാജിക്ക് തയ്യാറായില്ലെങ്കിൽ രാജി ആവശ്യപ്പെടണമെന്നും സിപിഐ വ്യക്തമാക്കിയതോടെ സർക്കാരും സിപിഐഎമ്മും പ്രതിരോധത്തിലായി.
മുകേഷിനെതിരെ കേസെടുത്ത സാഹചര്യത്തിൽ അദ്ദേഹം എംഎൽഎ സ്ഥാനം രാജി വയ്ക്കണമെന്ന് തന്നെയാണ് ആനിരാജയുടെ നിലപാട്. മുകേഷ് രാജിക്ക് തയ്യാറല്ലെങ്കിൽ സംസ്ഥാന സർക്കാർ രാജി ആവശ്യപ്പെടാൻ തയ്യാറാകണമെന്നും ആനി രാജ ആവശ്യപ്പെട്ടു.കോൺഗ്രസ് എംഎൽഎമാർ രാജിവെക്കാത്തതുകൊണ്ട് നമ്മളും രാജിവെക്കില്ലെന്നത് ബാലിശമാണ്. അതെല്ലാം വ്യക്തിഗതവാദങ്ങളാണ്. ഒരു കുറ്റകൃത്യത്തെ മറ്റൊന്ന് കൊണ്ട് മറയ്ക്കാനാവില്ല. ബലാത്സംഗ കേസിലെ പ്രതിയെ കുറിച്ചുളള ചോദ്യത്തിനുളള മറുപടിയും പരിഹാരവും അതല്ലെന്നും ആനി രാജ കൂട്ടിച്ചേർത്തു.
കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ സംരക്ഷിക്കുന്നവരല്ല കേരളത്തിലെ സർക്കാർ. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് ശേഷം ചില സ്ത്രീകൾ രംഗത്തെത്തി കാര്യങ്ങൾ തുറന്നുപറയുന്നുണ്ട്. ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ മുകേഷ് എംഎൽഎ സ്ഥാനത്ത് തുടരാൻ പാടില്ല. സ്ഥാനത്ത് തുടരുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ആനി രാജ പ്രതികരിച്ചു.
Discussion about this post