തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചും സിനിമാ മേഖലയിലെ ഡബ്ല്യുസിസിയുടെ ഇടപെടലുകളെ കുറിച്ചും പ്രതികരിച്ച് നടി കനി കുസൃതി. മറ്റെല്ലാ മേഖലയിലും എന്ന പോലെ സിനിമാ മേഖലയിലും അനീതിയുണ്ട്. സിനിമാ മേഖലയിൽ തെറ്റേത് ശരിയേത് എന്ന് പറഞ്ഞുതരാൻ ഒരാളുണ്ടായെങ്കിൽ എന്ന് ആഗ്രഹിക്കുന്ന ചിലരെങ്കിലും ഉണ്ടാകും. അതിനുള്ള ധൈര്യമാണ് ഡബ്ല്യുസിസി ഇപ്പോൾ നൽകുന്നതെന്നും കനി പറഞ്ഞു.
‘ഡബ്ല്യുസിസിയെ കുറിച്ച് പറയുമ്പോൾ അതിൽ മുഴുവൻ മിടുക്കികൾ ആണെന്ന് വേണം പറയാൻ. എന്റെ കാര്യത്തിൽ, എനിക്കെല്ലാം വീട്ടിൽ പറയാൻ കഴിയുമായിരുന്നു. എന്നാൽ, സിനിമാ മേഖലയിൽ ചില കാര്യങ്ങൾ ശരിയാണോ തെറ്റാണോ എന്ന് പറഞ്ഞുതരാൻ കഴിയുന്ന ഒരാൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ചിലരെങ്കിലും ആഗ്രഹിക്കുന്നുണ്ടാകും. അങ്ങനെയുള്ളവർക്ക് ഒരു ധൈര്യമാണ് ഇപ്പോൾ ഡബ്ല്യുസിസി’- കനി കുസൃതി വ്യക്തമാക്കി.
സിനിമയിൽ പ്രവർത്തിക്കുന്നവരുടെ മാർക്കറ്റ് വാല്യു അനുസരിച്ച് കൃത്യമായ മാർജിൻ വയ്ക്കണമെന്നും കനി ആവശ്യപ്പെട്ടു. സിനിമയിൽ ചില ജോലികൾ ചെയ്യുന്നവർക്ക് മാത്രമാണ് മണിക്കൂർ അനുസരിച്ച് പ്രതിഫലം നൽകുന്നത് താരങ്ങളുടെ മാർക്കറ്റ് വാല്യു അനുസരിച്ചാണ് അതെന്നാണ് പറയപ്പെടുന്നത്. സിനിമയിലേയ്ക്ക് ഇറക്കേണ്ട പണമാണ് ഈ രീതിയിൽ പോകുന്നത്. അതുകൊണ്ട് തന്നെ മാർക്കറ്റ് വാല്യു അനുസരിച്ച് കൃത്യമായ ഒരു മാർജിൻ വയ്ക്കണമെന്നും കനി കൂട്ടിച്ചേർത്തു.
സിനിമാ മേഖലയിലെ ചൂഷണങ്ങൾ കേൾക്കാനും പരിഹരിക്കാനും എല്ലാവരും ഒരുമിച്ച് നിൽക്കണം. മറ്റ് മേഖലകളിലെ പോലെ തന്നെ, സിനിമയിലും ചൂഷണങ്ങൾ ഉണ്ട്. ഡബ്ല്യുസിസിക്ക് ആവശ്യമുള്ള സമയത്ത് താൻ അതിലുണ്ടായിരുന്നു. ഒരു സംഘടനയിൽ മുഴുവൻ സമയവും നിൽക്കാൻ ആഗ്രഹിക്കാത്ത ഒരാളാണ് താൻ. അത്രയും ഡെഡിക്കേറ്റഡ് ആയി നിൽക്കാൻ തനിക്ക് സാധിക്കാറില്ല. അതാണ് അമ്മയിലും അംഗമാവാഞ്ഞതെന്നും കനി പറഞ്ഞു.
Discussion about this post