എറണാകുളം: സിനിമാ ചർച്ചയ്ക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റൊഴിവാക്കാൻ നീക്കവുമായി നടൻ സിദ്ദിഖ്. മുൻകൂർ ജാമ്യം തേടി സിദ്ദിഖ് ഇന്ന് കോടതിയെ സമീപിക്കും. ഹൈക്കോടതിയെയോ തിരുവനന്തപുരം സെഷൻസ് കോടതിയെയോ സമീപിക്കാനാണ് തീരുമാനം.
പരാതിയിൽ ഗുരുതര വകുപ്പുകൾ ചേർത്താണ് സിദ്ദിഖിനെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്. അറസ്റ്റുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ കേസുമായി ബന്ധപ്പെട്ട് തെളിവുകളും മറ്റ് വിശദാംശങ്ങളും ശേഖരിച്ചുവരികയാണ് പ്രത്യേക അന്വേഷണ സംഘം. ഇതിനിടെയാണ് സിദ്ദിഖ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുന്നത്. അറസ്റ്റ് തടയണം എന്നാണ് ഇതിലെ പ്രധാന ആവശ്യം.
അതേസമയം പീഡന പരാതിയിൽ മുകേഷ് എംഎൽഎ നൽകിയ മുൻകൂർ ജാമ്യം കോടതി ഇന്ന് പരിഗണിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് മുകേഷ് അപേക്ഷ നൽകിയിരിക്കുന്നത്. അഭിഭാഷകൻ വി.എസ് ചന്ദ്രശേഖരൻ നൽകിയ ഹർജിയും ഇന്ന് പരിഗണിക്കും.
അതേസമയം ഇരുവർക്കും ജാമ്യം നൽകരുത് എന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. മുകേഷിന് ജാമ്യം നൽകുന്നത് കേസ് അട്ടിമറിയ്ക്കുന്നതിലേക്ക് നയിക്കുമെന്ന് പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.
Discussion about this post