സ്റ്റോക്ക്‌ഹോം : രണ്ടുവയസ്സിൽ താഴെയുള്ള കുട്ടികളെ ഡിജിറ്റൽ മീഡിയയിൽ നിന്നും ടെലിവിഷൻ കാണുന്നതിൽ നിന്നും പൂർണമായും വിലക്കണമെന്ന് മാതാപിതാക്കൾക്ക് നിർദേശം നൽകി ആരോഗ്യമന്ത്രാലയം . സ്വീഡിഷ് സർക്കാരാണ് മാതാപിതാക്കൾക്ക് നിർദേശം നൽകിയിരിക്കുന്നത്.
ഫോൺ ഉപയോഗം വർദ്ധിച്ചതോടെ കുട്ടികൾ കായികപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല. അവരുടെ സാമൂഹിക ഇടപെടലുകളും വളരെയധികം കുറഞ്ഞു. ഉറങ്ങേണ്ട സമയത്ത് ഫോൺ നോക്കിയിരിക്കുന്ന സാഹചര്യവുമുണ്ട്. രാജ്യത്തെ 15 വയസ്സ് പ്രായമുള്ള പകുതിയിലധികം കുട്ടികളും ആവശ്യത്തിന് ഉറങ്ങുന്നില്ലെന്ന് സ്വീഡിഷ് ആരോഗ്യമന്ത്രി ജേക്കബ് ഫോസ്മെഡ് പറഞ്ഞു.
13നും 16നും ഇടയിൽ പ്രായമുള്ള കൗമാരക്കാരായ കുട്ടികൾ സ്‌കൂൾ സമയത്തിന് പുറമെ ശരാശരി ആറര മണിക്കൂർ സമയം ഫോണിനുമുന്നിൽ ചെലവഴിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതേ തുടർന്നാണ് സ്വീഡിഷ് സർക്കാർ മാതാപിതാക്കൾക്ക് നിർദേശം നൽകിയത്.
രണ്ടുവയസ്സിനും അഞ്ചു വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഒരു ദിവസം പരമാവധി ഒരു മണിക്കൂർ മാത്രമെ സ്‌ക്രീൻ ടൈം അനുവദിക്കാൻ പാടുള്ളൂ. ആറിനും 12നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് രണ്ടു മണിക്കൂറും 13നും 18നും ഇടയിൽ പ്രായമുള്ള കൗമാരക്കാരുടെ സ്‌ക്രീൻ ടൈം രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെയായി പരിമിതപ്പെടുത്തണമെന്നും നിർദേശത്തിലുണ്ട്. കൂടാതെ ഉറങ്ങുന്നതിന് തൊട്ടുമുമ്പ് കുട്ടികൾക്ക് മൊബൈൽ ഫോണുകൾ നൽകരുതെന്നും സർക്കാർ മാതാപിതാക്കളോട് നിർദേശിച്ചിട്ടുണ്ട്.
Discussion about this post