എറണാകുളം: മകന്റെ ജന്മദിനം ആഘോഷിക്കാൻ സിംഗപ്പൂരിലേക്ക് പുറപ്പെട്ട ഏഴംഗ കുടുംബത്തിന്റെ യാത്ര തടസ്സപ്പെടുത്തിയ സംഭവത്തിൽ വിമാനക്കമ്പനിയ്ക്ക് പിഴയിട്ട് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി. ഏഴേ കാൽ ലക്ഷം രൂപയാണ് വിമാനക്കമ്പനിയായ മെലിൻഡോ എയർലൈൻസിന് കോടതി പിഴ ചുമത്തിയത്. എറണാകുളം സ്വദേശിയായ അഭിഭാഷകനായ മജീദിനും കുടുംബത്തിനും ആയിരുന്നു വിമാനക്കമ്പനിയിൽ നിന്നും ദുരനുഭവം ഉണ്ടായത്.
ഏഴ് വയസ്സുള്ള മകന്റെ പിറന്നാൾ ആയിരുന്നു സിംഗപ്പൂരിൽ വച്ച് ആഘോഷിക്കാൻ ഇവർ തീരുമാനിച്ചത്. ഇതിനായി മജീദും ഭാര്യയും അമ്മയും അടങ്ങുന്ന ഏഴംഗ കുടുംബം കൊച്ചിയിൽ നിന്നും ക്വാലാലംപൂരിലേക്ക് പോയി. എന്നാൽ ഇവരിൽ ഭാര്യയുടെ സിംഗപ്പൂരിലേക്കുള്ള യാത്ര തടസ്സപ്പെടുകയായിരുന്നു.
ഭാര്യയുടെ പാസ്‌പോർട്ടിന്റെ കാലാവധി തീർന്നുവെന്ന് പറഞ്ഞ് വിമാന കമ്പനി സിംഗപ്പൂരിലേക്കുള്ള യാത്ര വിലക്കി. ഇതോടെ മറ്റുള്ളവരും സിംഗപ്പൂരിലേക്കുള്ള ടിക്കറ്റുകൾ റദ്ദാക്കി. ഒരു ദിവസം കഴിഞ്ഞാണ് പാസ്‌പോർട്ടിന് ആറ് മാസം കൂടി കാലാവധിയുണ്ടെന്ന് വിമാനക്കമ്പനി തിരിച്ചറിഞ്ഞത്. ശേഷം മറ്റൊരു വിമാനത്തിൽ ഇവരെ സിംഗപ്പൂരിൽ എത്തിക്കുകയായിരുന്നു. അപ്പോഴേയ്ക്കും ഇവരുടെ രണ്ട് ദിവസം നഷ്ടമായിരുന്നു.
നാട്ടിലെത്തിയ ശേഷം മജീദ് നിയമ നടപടി സ്വീകരിച്ചു. ഡി.ബി ബിനുവിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ആയിരുന്നു പരാതി പരിഗണിച്ചത്. 7 പേർക്ക് ഓരോ ലക്ഷം രൂപ കണക്കാക്കിയാണ് ഏഴ് ലക്ഷം രൂപ പിഴയിട്ടത്. കുടുംബത്തിന് നിയമനടപടികൾക്കായി ചിലവായ 25000 രൂപ കോടതിയ്ക്ക് നൽകാനും വിമാന കമ്പനിയോട് കോടതി ഉത്തരവിട്ടു.
Discussion about this post