തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ സന്ദർശിച്ച് പരാതി നൽകി നിലമ്പൂർ എംഎൽഎ പിവി അൻവർ. സംസ്ഥാനത്തെ പോലീസിൽ സർക്കാർ വിരുദ്ധ ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് പിവി അൻവർ കുറ്റപ്പെടുത്തി. വിശ്വസിച്ച് ഏൽപ്പിച്ചവർ മുഖ്യമന്ത്രിയെ ചതിച്ചു. താൻ ഉന്നയിച്ച ആരോപണങ്ങൾ ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകരുടെയും പാവപ്പെട്ട ജനങ്ങളുടെയും വികാരമാണെന്ന് അദ്ദേഹം പറഞ്ഞു. താൻ നൽകിയ പരാതിയിൽ നടപടിയുണ്ടാകുമെന്ന ഉറപ്പ് എവിടെ നിന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഹെഡ്മാസ്റ്ററേക്കുറിച്ചന്വേഷിക്കുന്നത് പ്യൂണാകരുതെന്നും അങ്ങനെ ഉണ്ടായാൽ അതിന്റെ ഉത്തരവാദിത്തം പാർട്ടിക്കും സർക്കാരിനുമുണ്ടാകുമെന്നും അൻവർ ഓർമിപ്പിച്ചു.ഇത് അന്തസ്സുള്ള സർക്കാരും മുഖ്യമന്ത്രിയും പാർട്ടിയുമാണ്. അവരുടെ മുന്നിലാണ് എന്റെ പരാതി നൽകിയിട്ടുള്ളത്. ജനങ്ങളുടെ മുന്നിലാണ് ഞാൻ കാര്യങ്ങൾ തുറന്ന് പറഞ്ഞിട്ടുള്ളത്. ഹെഡ്മാസ്റ്ററെ കുറിച്ച് പരാതി നൽകിയാൽ അദ്ദേഹത്തിന് കീഴിലുള്ള അദ്ധ്യാപകരും പ്യൂണും അല്ല അന്വേഷിക്കുക. അങ്ങനെയുള്ള ഒരു നയം ഉണ്ടാകുമോ. ഞാൻ പരാതി നൽകിയിട്ട് ഒരു ദിവസമേ ആയിട്ടുള്ളൂ. അത് പഠിക്കട്ടേ. അതിന് നടപടിക്രമങ്ങളുണ്ട്. ഹെഡ്മാസ്റ്ററെ കുറിച്ച് പ്യൂൺ അന്വേഷിക്കുമ്പോൾ അതിന്റെ ഉത്തരവാദിത്വം ഈ പാർട്ടിക്കും സർക്കാരിനും ഉണ്ടാകുമെന്നായിരുന്നു അൻവറിന്റെ വാക്കുകൾ.
തന്നെ എലിയായി വ്യാഖ്യാനിക്കുന്നവരുണ്ട്. എലി മോശക്കാരനല്ല. വീട്ടിലൊരു എലിയുണ്ടെങ്കിൽ എത്രത്തോളം ബുദ്ധിമുട്ടുണ്ടാവും. കീഴടങ്ങി, മുങ്ങി, എലിയായി, പൂച്ചയായി എന്നെല്ലാം പറയുന്നവരുണ്ട്. അത് നടക്കട്ടെ. താൻ പരാതിയുമായി മുന്നോട്ട് പോകും. ഇതൊരു അന്തസ്സുള്ള പാർട്ടിയാണ്. അന്തസ്സുള്ള ഗവൺമെന്റും അന്തസ്സുള്ള മുഖ്യമന്ത്രിയുമാണെന്ന് നിലമ്പൂർ എംഎൽഎ പറയുന്നു.
മുഖ്യമന്ത്രി എങ്ങനെയാണ് മുഖ്യമന്ത്രി ആയത്… പാർട്ടി അല്ലേ ആക്കിയത്. അല്ലാതെ അദ്ദേഹം വീട്ടിൽ നിന്ന് വന്ന് ആയതല്ലല്ലോ. അപ്പോൾ ആരോടാ കമ്മിറ്റ്‌മെന്റ് ഉണ്ടാവുക. എനിക്ക് മുഖ്യമന്ത്രിയോടും കമ്മിന്റ്‌മെന്റ് ഉണ്ട് പാർട്ടിയോടും ഉണ്ട്. പിവി അൻവർ ദൈവത്തിനും ഈ പാർട്ടിക്കും മുന്നിലേ കീഴടങ്ങൂ. നിങ്ങളാര് വിചാരിച്ചാലും തന്നെ കീഴടക്കാൻ സാധിക്കില്ല. വിപ്ലവം ഉണ്ടാകുന്നത് ജനകീയ മുന്നേറ്റത്തിലാണെന്ന് പിവി അൻവർ പറഞ്ഞു.
Discussion about this post