തിരുവനന്തപുരം: ലഹരിമാഫിയുമായി ബന്ധമുണ്ടെന്ന ഗായിക സുചിത്രയുടെ പരാമർശം വീണ്ടും നിഷേധിച്ച് റിമ കല്ലിങ്കൽ. മദ്രാസ് ഹൈക്കോടതി വിശ്വാസ്യതയില്ലാത്ത വ്യക്തിയെന്ന് വിലയിരുത്തിയ ആളാണ് സുചിത്രയെന്നും ഇവരാണ് തനിക്കെതിരെ ആരോപണം ഉയർത്തിയിരിക്കുന്നത് എന്നും റിമ പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തോട് ആയിരുന്നു റിമയുടെ പ്രതികരണം.
ലഹരിമാഫിയയുമായി തനിക്ക് ബന്ധമില്ല. ഇത്തരം പ്രചാരണങ്ങൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും. യൂട്യൂബ് ചാനലിൽ പ്രക്ഷേപണം ചെയ്ത വീഡിയോയിൽ ഏകദേശം 1 മിനിറ്റ് നേരമാണ് തന്നെക്കുറിച്ച് പരാമർശിക്കുന്നത്. ഇതാണ് മാദ്ധ്യമങ്ങൾ വാർത്തയാക്കിയതും. മദ്രാസ് ഹൈക്കോടതി വിശ്വസിക്കാൻ കഴിയാത്ത വ്യക്തിയെന്ന് വിലയിരുത്തിയ ആളാണ് സുചിത്ര. ഇവരാണ് തനിക്കെതിരെ ആരോപണവുമായി എത്തിയിരിക്കുന്നത് എന്നും റിമ കല്ലിങ്കൽ പറഞ്ഞു.
വീഡിയോയിൽ തനിക്കെതിരെ മാത്രമല്ല, മോഹൻലാൽ മമ്മൂട്ടി എന്നിവരെക്കുറിച്ചും മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചും പരാമർശമുണ്ട്. ഫഹദ്ഫാസിന്റെ കരിയർ തകർക്കാനാണ് ഹേമ കമ്മിറ്റി തുടങ്ങിയത് എന്നാണ് ഇവരുടെ ആരോപണം. ഇതിനെല്ലാം പിന്നിൽ കളിക്കുന്നത് പവർ ഗ്രൂപ്പ് ആണോ എന്ന കാര്യം മലയാളികൾ ചിന്തിക്കട്ടെയെന്നും നടി വ്യക്തമാക്കി.
ഇനി കോടതിയിലാണ് തന്റെ പ്രതീക്ഷ. ആരോപണങ്ങൾ ഉന്നയിച്ച് ഡബ്ല്യുസിസിയുടെ വിശ്വാസ്യത തകർക്കാനാണ് ശ്രമിക്കുന്നത്. തുടർനടപടികൾക്കായി മുഖ്യമന്ത്രിയെ കാണും. സർക്കാർ ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കമ്മീഷന് മുൻപാകെ എല്ലാം തുറന്ന് പറഞ്ഞത്. എന്നാൽ ഇപ്പോൾ വീണ്ടും പരാതി നൽകാനാണ് സർക്കാർ പറയുന്നത്. മുഖ്യമന്ത്രിയെ കണ്ട് ആവശ്യങ്ങൾ ശക്തമായി ഉന്നയിക്കും എന്നും റിമ കൂട്ടിച്ചേർത്തു.
Discussion about this post