ന്യൂയോർക്ക്: കഴിഞ്ഞ ഏതാനും നാളുകളായി അന്യഗ്രഹ ജീവികൾ യഥാർത്ഥ്യമാണോ അല്ലയോ എന്ന ചർച്ചയിലാണ് ശാസ്ത്ര ലോകം. അടുത്തിടെ അന്യഗ്രഹ ജീവികൾ ഭൂമിയിൽ എത്തിയതായി അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗം മുൻ ഉദ്യോഗസ്ഥൻ ലൂയിസ് എലിസാന്റോ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചർച്ചകൾ സജീവമായത്. അന്യഗ്രഹ ജീവികൾ ഭൂമിയിലെത്തിയ വിവരം മറച്ചുവെച്ചുവെന്നതിൽ അമേരിക്കൻ ഭരണകൂടത്തിന് വ്യാപക വിമർശനവും ഉയർന്നിരുന്നു. എന്നാൽ അന്യഗ്രഹ ജീവികളെക്കുറിച്ച് സംസാരിക്കുന്നത് സമൂഹത്തെ അപകടത്തിലാക്കും എന്നാണ് ബ്രിട്ടീഷ് ഗവേഷകർ പറയുന്നത്.
ലണ്ടനിലെ കിംഗ്‌സ് കോളേജിലെ ഗവേഷക വിദ്യാർത്ഥിയായ ടോണി മലിഗൺ ആണ് ഇതിൽ പ്രതികരിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. നിലവിലെ ഇത്തരം ചർച്ചകൾ അന്യഗ്രഹ ജീവികൾ ജീവിച്ചിരിപ്പുണ്ട് എന്ന് പൊതുജനം വിശ്വസിക്കാൻ ഇടയാക്കും എന്ന് ടോണി പറയുന്നു. അന്യഗ്രഹ ജീവികൾ ഉണ്ടോ ഇല്ലയോ എന്നത് ഇപ്പോഴും ഉത്തരംകിട്ടാത്ത ചോദ്യമാണ്. ഇവ നിലനിൽക്കുന്നു എന്നതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല. നിലവിൽ പുറത്തുവരുന്ന വിവരങ്ങൾ എല്ലാം തന്നെ അടിസ്ഥാന രഹിതമാണ് എന്നും അദ്ദേഹം പറയുന്നു.
നല്ലൊരു ശതമാനം അമേരിക്കൻ ജനതയും അന്യഗ്രഹ ജീവികൾ ഉണ്ട് എന്ന് വിശ്വസിക്കുന്നുണ്ട്. ഇത് സമൂഹത്തെ അപകടത്തിലാക്കും. ഭാവിയിൽ ഇത് വലിയൊരു സാമൂഹ്യപ്രശ്‌നമായി മാറും. ആളുകൾ പുറത്തിറങ്ങാൻ പോലും ഭയക്കുന്ന സാഹചര്യത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Discussion about this post