കൊച്ചി: പ്രൊഡ്യൂസഴ്‌സ് അസോസിയേഷനെതിരെ ഗുരുതര ആരോപണങ്ങളുമായി നിർമാതാവ് സാന്ദ്ര തോമസ്.പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പൊളിച്ച് പണിയണമെന്ന് സാന്ദ്ര തോമസ് ആവശ്യപ്പെട്ടു.മാലാ പാർവതി, ഷെയ്ൻ നിഗത്തിന്റെ അമ്മ തുടങ്ങിയ സ്ത്രീകൾ നിർമാതാക്കൾക്കെതിരെ പരാതി പറയാനെത്തിയപ്പോൾ അവരെ അസോസിയേഷനിലെ ചിലർ പരിഹസിക്കുകയാണ് ഉണ്ടായതെന്ന് സാന്ദ്ര തോമസ് പറയുന്നു. തനിക്ക് ദുരനുഭവമുണ്ടായപ്പോൾ പരാതി പറഞ്ഞെങ്കിലും അതും വേണ്ട രീതിയിൽ പരിഗണിച്ചില്ല. സംഘടനാ നേതാക്കൾക്ക് താല്പര്യമുള്ളവർക്ക് മെമ്പർഷിപ്പ് കൊടുക്കുകയും ഒരു സിനിമയെങ്കിലും ചെയ്തവർക്ക് മെമ്പർഷിപ്പ് കൊടുക്കാതിരിക്കുകയും നിരവധി സിനിമകൾ ചെയ്തവരെ പല കാരണങ്ങൾ പറഞ്ഞു പുറത്താക്കുകയൂം ചെയ്യുകയാണ് അസോസിയേഷനിൽ തലപ്പത്തിരിക്കുന്നവരെന്ന് സാന്ദ്ര കുറ്റപ്പെടുത്തി.
നിർമാതാക്കളുടെ സംഘടനയിൽ ഒരു വലിയ കോക്കസ് പ്രവർത്തിക്കുന്നുണ്ടെന്ന് സാന്ദ്ര തോമസ് ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻറെ ഒരു പരിപാടിയിലും സ്ത്രീകളെ പങ്കെടുപ്പിക്കാറില്ല. സിനിമ ചെയ്ത് തന്നെയാണ് സിനിമ വ്യവസായത്തിലേക്ക് കടന്നുവന്നത്. തരംതിരിച്ച് കാണുന്നതിനോട് യോജിക്കുന്നില്ലെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നപ്പോൾ വലിയ മൗനം പാലിച്ച സംഘടന, എന്നാൽ നിവിൻപോളിക്കെതിരായ ആരോപണം വന്നപ്പോൾ നിമിഷങ്ങൾക്കകം വാർത്താക്കുറിപ്പ് ഇറക്കിയെന്ന് സാന്ദ്ര തോമസ് പറഞ്ഞു. ചിലർ സ്വേച്ഛാധിപത്യത്തോടെ വെച്ചുകൊണ്ടിരിക്കേണ്ടതല്ല ഈ സംഘടനയെന്നും സാന്ദ്ര തോമസ് തുറന്നടിച്ചു
ഷൈൻനിഗത്തിന്റെ ഒരു വിഷയം വന്നപ്പോൾ ഇവൻ കഞ്ചാവാണെന്ന് വിളിച്ചു പറഞ്ഞ,നാട്ടുകാരോട് മുഴുവൻ വിളിച്ചുപറഞ്ഞ,എല്ലാ മീഡിയയെയും വിളിച്ചുകൂട്ടി,ഒരു പ്രകടനം നടത്തിയ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ എന്ത് കൊണ്ട് ഇത്രയും വലിയ വിഷയം വന്നിട്ട് മീഡിയയെ വിളിക്കുന്നില്ലെന്ന് സാന്ദ്ര തോമസ് ചോദിച്ചു.
Discussion about this post