കണ്ണൂർ: ആർഎസ്എസുമായി സംസാരിക്കാൻ എഡിജിപിയെ ആശ്രയിക്കേണ്ട ഗതികേട് സിപിഎമ്മിനില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഡീൽ ഉണ്ടാക്കാനാണെങ്കിൽ മോഹൻ ഭാഗവതിനെ കണ്ടുകൂടെയെന്നും ഗോവിന്ദൻ ചോദിച്ചു. സിപിഎം കോവളം ഏരിയ കമ്മിറ്റി ഓഫിസ് ഉദ്ഘാടന വേദിയിൽ ആയിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചോദ്യം.
ആർഎസ്എസുമായി എഡിജിപി ചർച്ച നടത്തിയത് സിപിഎമ്മുമായി ലിങ്കുണ്ടാക്കാനാണ് എന്ന കള്ളപ്രചാരണം നടക്കുന്നുണ്ട്, എഡിജിപി ആരെ കണ്ടു എന്തിന് കണ്ടു എന്നതൊന്നും ഞങ്ങളുടെ കാര്യമല്ല, സിപിഎമ്മുമായി ആർഎസ്എസിന് ലിങ്ക് ഉണ്ടാക്കാൻ എഡിജിപിയെ ആശ്രയിക്കേണ്ട ഗതികേട് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്‌സിസ്റ്റിന് ഇല്ല. ഞങ്ങൾക്ക് ഡീലുണ്ടാക്കാൻ ഉദ്ദേശിച്ചാൽ മോഹൻ ഭാഗവതിനെ കണ്ടുകൂടേ?, എന്തിനാ എഡിജിപിയെ കാണുന്നത്. ആർഎസ്എസിന്റെ സർസംഘചാലകുമായി തന്നെ ബന്ധപ്പെടാൻ സൗകര്യമുള്ള പാർട്ടിയാണ് സിപിഎം. ഈ പ്രചാരണങ്ങളെല്ലാം ശുദ്ധ അസംബന്ധമാണ്’ എന്നാണ് എംവി ഗോവിന്ദൻ പറഞ്ഞത്.
മാദ്ധ്യമങ്ങൾ കള്ളവാർത്ത പ്രചരിപ്പിക്കുകയാണ്. എഡിജിപിക്കൊപ്പം മുഖ്യമന്ത്രിയുടെ ബന്ധു ആർഎസ്എസ് നേതാക്കളെ കണ്ടുവെന്ന വാർത്ത അസംബന്ധമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Discussion about this post