എറണാകുളം: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ. കേസുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായ ബദൽ കഥകൾ മെനയാൻ ദിലീപ് ശ്രമിക്കുന്നുവെന്ന് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ഉള്ളത്.
കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ജാമ്യം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിനെതിരെയാണ് സർക്കാർ സത്യവാങ്മൂലം നൽകിയിരിക്കുന്നത്. പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകൾ അട്ടിമറിയ്ക്കാൻ ദിലീപ് ലക്ഷ്യമിടുന്നുണ്ട്. ഇതിനായാണ് അടിസ്ഥാന രഹിതമായ കഥകൾ അദ്ദേഹം മെനയുന്നത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയുൾപ്പെടെയുള്ള ആറ് പ്രതികൾ പരാതിക്കാരി തിരിച്ചറിഞ്ഞ് കഴിഞ്ഞുവെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
പൾസർ സുനിക്ക് ജാമ്യം അനുവദിക്കരുത്. ജാമ്യം ലഭിച്ചാൽ പ്രതി വിചാരണ നടപടികൾ അട്ടിമറിയ്ക്കാൻ സാദ്ധ്യതയുണ്ട്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ഇവരുടെ പക്കലുണ്ട്. ജാമ്യം ലഭിച്ചാൽ ഇത് പുറത്തുവിടുമെന്ന തരത്തിൽ നടിയെ ഭീഷണിപ്പെടുത്താൻ സാദ്ധ്യതയുണ്ട്. ഇയാൾ രാജ്യംവിടാനുള്ള സാദ്ധ്യതയും തള്ളിക്കളയാൻ കഴിയില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.
അതേസമയം കേസിന്റെ വാദം പൂർത്തിയായിട്ടുണ്ട്. അവസാന സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിന്റെ വിസ്താരം കഴിഞ്ഞതോടെയാണ് വാദം പൂർത്തിയായത്. 261 സാക്ഷികളുടെ വിസ്താരം പൂർത്തിയായ കേസിന്റെ വിധി ഈ വർഷം നവംബറിൽ ഉണ്ടാകും.
Discussion about this post