എറണാകുളം: മലയാള സിനിമാ പ്രേമികൾക്കിടയിൽ റിപ്പീറ്റ് വാല്യുവുള്ള ചിത്രമാണ് കാക്കക്കുയിൽ. കോമഡിയ്ക്ക് പ്രാധാന്യം കൊടുത്തിട്ടുള്ള സിനിമയിൽ മോഹൻലാലും മുകേഷുമായിരുന്നു നായകന്മാർ. ഇന്നസെന്റ്, നെടുമുടി വേണു, കവിയൂർ പൊന്നമ്മ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ ഉണ്ടായിരുന്നു. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ ഇന്നസെന്റിന്റെ മോഹൻലാൽ തമാശയ്ക്ക് പറ്റിയ്ക്കാൻ ശ്രമിച്ച അനുഭവം തുറന്നു പറയുകയാണ് നടനും എംഎൽഎയുമായ മുകേഷ്. ഓണത്തോട് അനുബന്ധിച്ച് സ്വകാര്യ മാദ്ധ്യമത്തോട് സംസാരിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹം ആ തമാശ ഓർത്തെടുത്തത്.
കാക്കക്കുയിൽ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിലായിരുന്നു നടന്നത്. അഭിനയിക്കാൻ എത്തിയ മുകേഷിനും ഇന്നസെന്റിനും ഗോൾകൊണ്ട ഹോട്ടലിലാണ് താമസ സൗകര്യം ഉണ്ടായിരുന്നത്. റിസപ്ഷനിൽ നിൽക്കുന്ന ഇന്നസെന്റിനെയും മുകേഷിനെയും കണ്ടതോടെ ഒരു കൂട്ടം സ്ത്രീകൾ ഇവർക്കരികിൽ എത്തി. തെലുങ്ക് ദേശം പാർട്ടിയുടെ വനിതാ നേതാക്കൾ ആയിരുന്നു അവർ. ആദ്യം മുകേഷിന്റെ അടുത്തായിരുന്നു സ്ത്രീകൾ എത്തിയത്. മുകേഷിനോട് അൽപ്പനേരം സംസാരിച്ച് കഴിഞ്ഞ് ഇവർ ഇന്നസെന്റിന്റെ അടുത്തേയ്ക്ക് പോയി. ഹിന്ദി അറിയാമായിരുന്ന ഇന്നസെന്റ് അവരോട് ഹിന്ദിയിൽ സംസാരിക്കുകയും ഷൂട്ടിംഗ് കാണാൻ ക്ഷണിക്കുകയും ചെയ്തു.
പിറ്റേ ദിവസം ഷൂട്ടിംഗ് സെറ്റിൽ നേരത്തെയെത്തിയ മുകേഷ് ഇക്കാര്യങ്ങളെല്ലാം പ്രിയദർശനോടും മോഹൻലാലിനോടും പറഞ്ഞു. അപ്പോൾ ഇന്നസെന്റിനെ അത് പറഞ്ഞ് പറ്റിക്കാൻ മോഹൻലാൽ തീരുമാനിച്ചു. ആദ്യം എതിർത്തെങ്കിലും പ്രിയദർശനും പിന്നീട് അതിന് സമ്മതിച്ചു. ഇതോടെ ഇന്നസെന്റിനെ പറ്റിക്കാനുള്ള പദ്ധതിയും മൂന്ന് പേരും ചേർന്ന് തയ്യാറാക്കി.
സെറ്റിൽ എത്തിയ ഇന്നസെന്റ് പ്രിയദർശനോടും മോഹൻലാലിനോടും പാർട്ടി പ്രർത്തകർ വന്ന് സംസാരിച്ച വിവരം പറഞ്ഞു. അപ്പോൾ അവർ ഷൂട്ടിംഗ് ലൊക്കേഷനിൽ വന്നിരുന്നുവെന്നും പാർട്ടി ഫണ്ടിലേക്ക് 50,000 വേണമെന്ന് ആവശ്യപ്പെട്ടെന്നും മോഹൻലാൽ പറഞ്ഞു. ഇത് കേട്ട ഇന്നസെന്റ് ആകെ ടെൻഷനിൽ ആയി. അടുത്ത ദിവസം പണം വാങ്ങാൻ വരുമെന്ന് പറഞ്ഞാണ് അവർ പോയത് എന്നത് കൂടി കേട്ടപ്പോൾ ഇന്നസെന്റ് ആകെ വിഷമത്തിലായി. ഇതോടെ ഷൂട്ടിംഗ് അവസാനിപ്പിച്ച് നാട്ടിൽ പോകാൻ വരെ ഇന്നസെന്റ് തീരുമാനിച്ചു. അവസാനം ഷൂട്ടിംഗ് മുടങ്ങുമെന്ന ഘട്ടം എത്തിയപ്പോൾ മോഹൻലാൽ തന്നെ സത്യം വെളിപ്പെടുത്തിയെന്നും മുകേഷ് പറഞ്ഞു.
Discussion about this post