ലെബനൻ: സായുധ ഗ്രൂപ്പായ ഹിസ്ബുള്ളയുടെ നൂറുകണക്കിന് പേജറുകൾ രാജ്യത്തുടനീളം ഒരേസമയം പൊട്ടിത്തെറിച്ച വാർത്ത ലോകം ഇന്നലെ ഞെട്ടലോടെയാണ് കേട്ടത്. സ്ഫോടനങ്ങളിൽ ഒമ്പത് പേരെങ്കിലും കൊല്ലപ്പെടുകയും 2,750 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട് . ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നില്ലെങ്കിലും ഇതിനു പുറകിൽ ഇസ്രയേലും അവരുടെ ചാര സംഘടനയായ മൊസാദും ആണെന്നാണ് പൊതുവെ കരുതപ്പെടുന്നത്.
പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3:30 ഓടെയാണ് സ്‌ഫോടനങ്ങൾ ആരംഭിച്ചതെന്നും സംഘടനയ്ക്കുള്ളിലെ വിവിധ യൂണിറ്റുകളെയും സ്ഥാപനങ്ങളെയും ബാധിച്ചതായും ഹിസ്ബുള്ള അധികൃതർ പറഞ്ഞു. വ്യാപകമായ പരിഭ്രാന്തിയും നാശവും സൃഷ്ടിച്ച സ്ഫോടനങ്ങൾ ഒരു മണിക്കൂറിലേറെയാണ് നീണ്ടുനിന്നത്.
സുരക്ഷാ ഭീഷണി താരതമ്യേനെ കുറവാണു എന്നതാണ് ഹിസ്‌ബൊള്ള സംഘം പേജറുകൾ ഉപയോഗിക്കാൻ കാരണം. ആധുനിക സ്‌മാർട്ട്‌ഫോണുകളിൽ നിന്ന് വ്യത്യസ്തമായി, പേജറുകൾ ഫിസിക്കൽ ഹാർഡ്‌വെയറിനെയും അടിസ്ഥാന സാങ്കേതികവിദ്യയെയും ആശ്രയിക്കുന്നതിനാൽ , അവ ട്രാക്കുചെയ്യാനും നിരീക്ഷിക്കാനും കൂടുതൽ ബുദ്ധിമുട്ടാണ് . അതുകൊണ്ട് തന്നെ അപകടകരമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന ഹിസ്ബുള്ളയെപ്പോലുള്ള ഒരു ഗ്രൂപ്പിന് ഇത് വളരെ പ്രധാനമാണ്.
പേജർ സ്‌ഫോടനങ്ങളുടെ കൃത്യമായ കാരണം അന്വേഷണ വിധേയമായി തുടരുകയാണ് . ബാറ്ററി ഓവർ ഹീറ്റിംഗിന് കാരണമായ ഒരു ഡിജിറ്റൽ ഹാക്കിൻ്റെ സാധ്യതയാണ് പ്രാരംഭ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, എന്നാൽ കൂടുതൽ സങ്കീർണ്ണമായ ഒരു പദ്ധതിയും ഉണ്ടായേക്കാം എന്ന് വിദഗ്ധർ സംശയിക്കുന്നുണ്ട്
വിതരണ ശൃംഖലയിൽ തന്നെ നടത്തിയ ഇടപെടലാണ് സ്‌ഫോടനങ്ങൾക്ക് കാരണമെന്ന് നിരവധി സുരക്ഷാ വിദഗ്ധർ കരുതുന്നു. ചെറിയ സ്ഫോടകവസ്തുക്കൾ അവയുടെ നിർമ്മാണത്തിലോ വിതരണത്തിലോ പേജറുകളിൽ ഉൾപ്പെടുത്തിയിരിക്കാം, തുടർന്ന് റേഡിയോ സിഗ്നൽ ഉപയോഗിച്ച് വിദൂരമായി ഒരേസമയം അവ ഓപ്പറേറ്റ് ചെയ്തതായിരിക്കാം എന്നാണ് കരുതപ്പെടുന്നത്.
ദൂരെ നിന്ന് ഒരു ഇലക്ട്രോണിക് പൾസ് അയച്ചതിനെ തുടർന്ന് ഉപകരണങ്ങൾ അമിതമായി ചൂടാകാനും പൊട്ടിത്തെറിക്കാനും ഇടയാക്കിയത് എന്നതാണ് മറ്റൊരു സാധ്യത.
ഇവയിൽ ഏത് തന്നെയായാലും, അതി സങ്കീർണ്ണമായ പദ്ധതിയും അതിന്റെ നടത്തിപ്പുമാണ് ലെബനോനിൽ കണ്ടത് എന്ന് നിസംശയമായും പറയാം. സങ്കൽപ്പിക്കാൻ കഴിയാത്തത് പ്രവർത്തികമാക്കുന്ന മൊസാദ് മാജിക് തന്നെയാണ് വീണ്ടും കണ്ടത് എന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. ഇറാൻ തലസ്ഥാനത്ത്, അവരുടെ സ്വന്തം ശക്തി കേന്ദ്രത്തിൽ വച്ച് ഹമാസ് നേതാവിനെ വധിച്ച ഇസ്രായേൽ, ഇപ്പോൾ പേജർ സ്ഫോടനത്തിലൂടെ ഹിസ്‌ബൊള്ളയെയും ഞെട്ടിച്ചിരിക്കുകയാണ്. ഇസ്രയേലിന്റെ ശത്രുക്കൾ, അവർ എത്ര സുരക്ഷിതരാണെന്ന് സ്വയം വിചാരിച്ചാലും അങ്ങനെയല്ല എന്ന കൃത്യമായ സന്ദേശമാണ് മൊസാദ് ഇതിലൂടെ നൽകിയിരിക്കുന്നത്.
Discussion about this post