എറണാകുളം: നടനും എംഎൽഎയുമായ മുകേഷിനെതിരെ പീഡന പരാതി ഉന്നയിച്ച ആലുവ സ്വദേശിനിയായ നടിയ്‌ക്കെതിരെ ബന്ധുവായ യുവതി. 16 വയസ്സുള്ളപ്പോൾ തന്നെ നടി സെക്‌സ് മാഫിയയ്ക്ക് വിൽക്കാൻ ശ്രമിച്ചുവെന്നാണ് മൂവാറ്റുപുഴ സ്വദേശിനിയുടെ പരാതി. സ്വകാര്യ മാദ്ധ്യമത്തോട് ആയിരുന്നു യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് യുവതി സംസ്ഥാന പോലീസ് മേധാവിയ്ക്ക് പരാതി നൽകി.
പത്ത് വർഷം മുൻപായിരുന്നു സംഭവം എന്നാണ് യുവതി പറയുന്നത്. അന്ന് തനിക്ക് 16 വയസ്സായിരുന്നു പ്രായം. അമ്മയുടെ സഹോദരിയുടെ മകളാണ് നടി. അന്ന് അഞ്ചോളം സിനിമകൾ അഭിനയിച്ച അവർ ചെന്നൈയിൽ ആയിരുന്നു താമസം. പത്താംക്ലാസ് പരീക്ഷ കഴിഞ്ഞുള്ള വെക്കേഷൻ സമയത്ത് അവർ തന്നെ ചെന്നൈയിലേക്ക് വിളിച്ചു. സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്തായിരുന്നു തന്നെ ചെന്നൈയിലേക്ക് വിളിച്ചുവരുത്തിയത്.
ഇത് വിശ്വസിച്ച താൻ അമ്മയ്‌ക്കൊപ്പം ചെന്നൈയിലേക്ക് പോയി. തൊട്ടടുത്ത ദിവസം ഓഡീഷനെന്ന പേരിൽ തന്നെ ഒരു ഹോട്ടലിലേക്ക് കൊണ്ട് പോയി. അവിടെ മുറിയിൽ അഞ്ചോളം പേർ ഉണ്ടായിരുന്നു. അവരിൽ ഒരാൾ തന്റെ മുടിയിൽ തഴുകുകയും ഓകെ ആണെന്ന് പറയുകയും ചെയ്തു. ഭയന്ന താൻ വീട്ടിലേക്ക് പോകണമെന്ന് വാശിപിടിച്ചു. ഇതോടെ അവർ തന്നോട് ദേഷ്യപ്പെടുകയായിരുന്നുവെന്നും യുവതി പറഞ്ഞു.
അഡ്ജസ്റ്റ് ചെയ്താൽ ഭാവി സുരക്ഷിതമാകുമെന്ന് അവർ പറഞ്ഞു. എന്നാൽ താൻ അവിടെ നിന്നും ബഹളം ഉണ്ടാക്കി ഇറങ്ങിവരികയായിരുന്നുവെന്നും അതുകൊണ്ട് രക്ഷപ്പെട്ടുവെന്നും യുവതി വ്യക്തമാക്കി.
Discussion about this post