ശ്രീനഗർ: ഒരു കാലത്ത് കയ്യിൽ കല്ലുമായി നടന്നിരുന്ന കശ്മീരി യുവാക്കൾ ഇന്ന് പുസ്തകങ്ങൾ മുറുകെ പിടിയ്ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നാഷണൽ കോൺഫറൻസും, പിഡിപിയും, കോൺഗ്രസും ഹിന്ദുക്കളെ കശ്മീരിൽ നിന്നും പുറത്താക്കിയെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ നടന്ന തിരഞ്ഞെടുപ്പിൽ കശ്മീർ കണ്ട ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം ആണ് കഴിഞ്ഞ ദിവസം ഉണ്ടായത്. ഒരു കാലത്ത് കയ്യിൽ കല്ലേന്തി നടന്ന കശ്മീരി ജനത ഇന്ന് കയ്യിൽ പുസ്തകങ്ങളും പേനയും മുറുകെ പിടിയ്ക്കുന്നു. ഇതിനുള്ള തെളിവാണ് ഉയർന്ന പോളിംഗ് ശതമാനം എന്നും പ്രധാനമന്ത്രി പറഞ്ഞു.
കശ്മീരിന്റെ മണ്ണും കശ്മീരി പണ്ഡിറ്റുകളും തമ്മിലുള്ളത് ഒരിക്കലും പിരിക്കാനാകാത്ത ബന്ധമാണ്. ഇവരെ ഇവിടെ നിന്നും പുറത്താക്കാനാണ് നാഷണൽ കോൺഫറൻസ്, പിഡിപി, കോൺഗ്രസ് എന്നീ പാർട്ടികൾ ചെയ്തത്. എന്നാൽ ഇനിയത് നടപ്പില്ല. കശ്മീരിൽ സിഖ് കുടുംബങ്ങൾ വലിയ ബുദ്ധിമുട്ട് ആയിരുന്നു അനുഭവിച്ചിരുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
പണ്ട് കാലത്ത് ലാൽ ചൗക്കിൽ ത്രിവർണ പതാക ഉയർത്താൻ എല്ലാവരും ഭയന്നിരുന്നു. എന്നാൽ ഇത് അവിടെ ത്രിവർണ പതാക പാറിപ്പറക്കുന്നുവെന്നും മോദി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ആയിരുന്നു കശ്മീരിൽ ഒന്നാംഘട്ട തിരഞ്ഞെടുപ്പ് നടന്നത്. 60.21 ശതമാനം ആയിരുന്നു ഒന്നാംഘട്ടത്തിലെ പോളിംഗ് ശതമാനം. കശ്മീരിനെ സംബന്ധിച്ച് ചരിത്രത്തിലെ തന്നെ ഉയർന്ന പോളിംഗ് ശതമാനം ആണ് ഇത്.
Discussion about this post