കൊല്ലം; മകളെ ശല്യം ചെയ്‌തെന്ന് ആരോപിച്ച് ആൺസുഹൃത്തിനെ പിതാവ് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലം ഇരവിപുരം സ്വദേശി അരുൺകുമാർ(19 ) ആണ് കൊല്ലപ്പെട്ടത്. പിന്നാലെ പ്രതിയായ ഇരവിപുരം വഞ്ചിക്കോവിൽ സ്വദേശി പ്രസാദ് (44) ശക്തികുളങ്ങര പോലീസിൽ കീഴടങ്ങിയിരുന്നു.
മകളും 19 കാരനും തമ്മിലുള്ള സൗഹൃദം പിതാവായ പ്രസാദ് എതിർത്തിരുന്നു. എന്നാൽ സൗഹൃദം അവസാനിപ്പിത്താൻ അരുൺ കുമാർ തയ്യാറായില്ല. മകളെ ശല്യം ചെയ്യുന്നുവെന്നാരോപിച്ച് പ്രസാദും അരുണും തമ്മിൽ ഫോണിലൂടെ വാക്കേറ്റമുണ്ടായി. തുടർന്ന് ഇത് ചോദ്യം ചെയ്യാൻ സുഹൃത്തുക്കളെയും കൂട്ടി അരുൺകുമാർ ഇരട്ടക്കടവ് എന്ന സ്ഥലത്തെത്തി. അരുൺ പെൺകുട്ടിയുടെ വീട്ടിലെത്തി സംസാരിച്ച് നിൽക്കുന്നതിനിടെ പ്രസാദും എത്തുകയായിരുന്നു. സൗഹൃദത്തിൽ നിന്ന് പിന്മാറണമെന്ന് പെൺകുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു. എന്നാൽ 19 കാരൻ ഇതിന് തയ്യാറാവാതെ വന്നതോടെ ആക്രമിക്കുകയായിരുന്നു. വീട്ടിൽ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. നെഞ്ചിൽ കുത്തേറ്റ അരുൺകുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിദേശത്ത് ജോലി ചെയ്ത് വരികയായിരുന്ന അരുൺകുമാർ ഒരുമാസം മുൻപാണ് നാട്ടിലെത്തിയത്. യുവാവിന്റെ മാതാവ് വിദേശത്താണ്. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Discussion about this post