സൗന്ദര്യം കാത്തുസൂക്ഷിക്കാൻ ആഗ്രഹിക്കുന്ന പലരെയും അലട്ടുന്ന പ്രശ്‌നമാണ് മുഖക്കുരു. എത്ര ക്രീമുകൾവാരിപ്പൊത്തിയാലും, എത്ര ബ്യൂട്ടിപാർലറുകൾ കയറി ഇറങ്ങിയാലും മുഖക്കുരു ദാ മുഖത്ത് തന്നെ കാണും. അത് എന്ത് കൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? നമ്മൾ കഴിക്കുന്ന ഭക്ഷണസാധനങ്ങളും നമ്മുടെ ചർമ്മത്തിന്റെ ആരോഗ്യവും തമ്മിൽ ഇഴപിരിയാത്ത ബന്ധമാണ് ഉള്ളത്. നമ്മുടെ ഭക്ഷണക്രമം മുഖക്കുരു വരാനുള്ള സാധ്യതകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കുന്നു.
മധുരമുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് നല്ലതല്ല. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ കൂട്ടുകയും ഇൻസുലിൻ ഉത്പാദനം വർധിക്കാൻ കാരണമാവുകയും ചെയ്യും. ഇതുമൂലം ചർമത്തിലെ ഗ്രന്ഥികളിൽ എണ്ണ അമിതമായി ഉൽപാദിപ്പിക്കപ്പെടും. ഈ അധിക എണ്ണ സുഷിരങ്ങൾ അടയ്ക്കുകയും മുഖക്കുരു രൂപപ്പെടാൻ കാരണമാകുകയും ചെയ്യും.
പതിവായി എരിവുളള ആഹാരങ്ങൾ കഴിക്കുന്നത് മുഖക്കുരു വർധിപ്പിക്കും. അമിതമായി എരിവ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരം ചൂടാകാൻ കാരണമാകുകയും അത് വിയർപ്പിലേക്ക് നയിക്കാനും സാധ്യതയുണ്ട്. മുഖത്ത് വിയർപ്പ് തങ്ങി നിൽക്കുന്നത് വഴി സുഷിരങ്ങൾ അടയുകയും അത് മുഖക്കുരുവായി മാറുകയും ചെയ്യും.
പാലും പാലുത്പ്പന്നങ്ങളും ഇൻസുലിൻ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ചർമ്മത്തിൽ എണ്ണ ഉത്പാദനം കൂട്ടുകയും ചെയ്യും. ഇത് പിന്നീട് മുഖക്കുരുവിന് കാരണമാകും. മാത്രമല്ല ചർമത്തിലെ എണ്ണ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്ന ഹോർമോണുകളും പാലിൽ അടങ്ങിയിട്ടുണ്ട്
സോയ കഴിക്കുന്നതും മുഖക്കുരുവിലേക്ക് നയിച്ചേക്കാം. സോയയിൽ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങൾ ചർമ്മത്തിൽ എണ്ണയുടെ അമിതമായ ഉത്പാദനത്തിന് ഇടയാക്കും. ഇതുവഴി ചർമ്മത്തിലെ സുഷിരങ്ങൾ അടയുകയും മുഖക്കുരുവിന് കാരണമാവുകയും ചെയ്യുന്നു.
അമിത കലോറിയും കാർബോയും അനാരോഗ്യകരമായ കൊഴുപ്പും അടങ്ങിയ സംസ്‌കരിച്ച ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നതും മുഖക്കുരുവിൻറെ സാധ്യതയെ കൂട്ടിയേക്കാം. എണ്ണയിൽ പൊരിച്ച ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നതും ചിലരിൽ മുഖക്കുരുവിനുള്ള സാധ്യതയെ കൂട്ടാം.
Discussion about this post