കൊച്ചി: മലയാളസിനിമയുടെ മഹാനടൻ മധു 91 ാം പിറന്നാൾ നിറവിലാണ്. നടനായും നിർമ്മാതാവായും സ്റ്റുഡിയോ ഉടമയായും മലയാളത്തിൽ പതിറ്റാണ്ടുകളോളം തിളങ്ങിയ താരം അന്വശ്വരമാക്കിയത് അനേകം കഥാപാത്രങ്ങളാണ്. മലയാളസിനിമയുടെ കാരണവരായിട്ടാണ് മധുവിനെ കണക്കാക്കുന്നത്.
ഇപ്പോഴിതാ മലയാള സിനിമയുടെ കാരണവർ മധുവല്ലെന്ന് പറയുന്ന കുറിപ്പ് സോഷ്യൽമീഡിയയിൽ ചർച്ചയാവുകയാണ്. സജു ചെലങ്ങാട്. കൊച്ചിക്കാരൻ തോമസ് ബർളിയ്ക്കാണ് ആ സ്ഥാനം ചേരുന്നതെന്നും സംസ്ഥാന സർക്കാരിന്റെ ജെസി ഡാനിയൽ പുരസ്‌കാരത്തിന് അദ്ദേഹം അർഹനല്ലേയെന്നും എഴുത്തുകാരൻ ചോദിക്കുന്നു.
കുറിപ്പിന്റെ പൂർണരൂപം
മലയാള സിനിമയിൽ ഇതുവരെ മൂപ്പിളമതർക്കമുണ്ടായിട്ടില്ല. എന്നാൽ കഴിഞ്ഞ ദിവസം നടൻ മധുവിന്റെ പിറന്നാൾ പ്രമാണിച്ച് നൽകിയ വാർത്തകളിൽ ചില ചാനലുകൾ മലയാള സിനിമയുടെ കാരണവരെന്ന് വിശേഷിപ്പിക്കുന്നത് കണ്ടു. ജീവിച്ചിരിപ്പുള്ള സിനിമാക്കാരിൽ ഏറ്റവും തലമൂത്തയാൾ എന്ന പരിഗണന വെച്ചാണ് ഈ സ്ഥാനം കൽപ്പിച്ചു നൽകൽ. ഇത്തരം വാർത്തകൾ കൊടുക്കും മുൻപ്അൽപ്പം ചരിത്രജ്ഞാനം ആർജിക്കണം. ജീവിച്ചിരിപ്പുള്ള സിനിമാക്കാരിൽ മധുവാണോ കാരണവർ ?. അല്ലേയല്ല. ആസ്ഥാനത്തിനർഹത തോമസ് ബർളിക്കാണ്. 1953 ലിറങ്ങിയ തിരമാലയിലെ നായകനായ അദ്ദേഹം മധുവിനേക്കാളും ഒരു വയസിന് മുന്നിലാണ് . 1962-63 കാലത്ത് ഇറങ്ങിയ മൂടുപടത്തിൽ മധു അരങ്ങേറുമ്പോൾ അതിനും പത്ത് വർഷം മുന്നേ മുഖത്ത് ചായമിട്ട് മെരിലാന്റിൽ ക്യാമറയ്ക്ക് മുന്നിൽ നടിച്ചു ബെർളി. (രാമു കാര്യാട്ട്, ബാബുരാജ് എന്നിവരുടെ സിനിമാ പ്രവേശന കവാടവും ഈ സിനിമ തന്നെ).കൂടുതൽ സിനിമയിലഭിനയിക്കുന്നതാണ് കാരണവർ ലബ്ധിക്ക് മാനദണ്ഡമെങ്കിൽ മധുവാണ് അർഹൻ. അതല്ല വർഷവും പ്രായവുമാണെങ്കിൽ ഫോർട്ടു കൊച്ചിക്കാരൻ തോമസ് ബർളിയ്ക്കാണ് ആ പട്ടം നൽകേണ്ടത്. (അദ്ദേഹം ഒരു വ്യവസായിയും കൂടിയാണ് കേട്ടോ)
ബർളിയുടെ സിനിമാ ജീവിതത്തെപ്പറ്റി എഴുതുമ്പോൾ ഇവിടെ അവസാനിപ്പിക്കാൻ കഴിയില്ല. അമേരിക്കയിൽ പോയി സിനിമ പഠിച്ച ആദ്യമലയാളി . കൊളംബിയ സർവകലാശാലയിലാണ് അദ്ദേഹം പഠിച്ചത്. ഹോളിവുഡ്ഡിൽ അഭിനയിച്ച ആദ്യ മലയാളി . വാർണർ ബ്രദേഴ്‌സിന്റെ ഇഷ്ട നടൻമാരിലൊരാൾ. ഹോളിവുഡ് സിനിമകളിലെ സ്ഥിരംമെക്‌സിക്കൻ വേഷധാരി . അറുപത് എഴുപതുകളിൽ ലോകം മുഴുവൻ പടർന്നു കയറിയ കൗബോയി വേഷത്തിന് പൂർണത നൽകിയവരിലൊരാൾ . ലോകോത്തര ക്ലാസിക്ക് സിനിമകളിൽ ഒന്നായ
‘ഓൾഡ് മാൻ ആന്റ് സീ ‘ യുടെ സെറ്റ് ഡിസൈനർ. വാർണർ ബ്രദേഴ്‌സിന്റെ സ്റ്റുഡിയോ മുറ്റത്ത് അറ്റ്‌ലാന്റിക് സമുദ്രം സൃഷ്ടിച്ചയാൾ ……. പറയാനിനിയുമുണ്ട് ബർളിയുടെ സിനിമാ ജീവിതം. ഹോളിവുഡ്ഡ് മുതൽ കൊച്ചി നഗരം വരെ നീണ്ടുകിടക്കുന്ന ആ സിനിമാ ജീവിതത്തിൽ രണ്ട് സംവിധാന കർമങ്ങളും അദ്ദേഹം നിർവഹിച്ചു. ഇതു മനുഷ്യനോ (1973) വെള്ളരിക്കാപ്പട്ടണം (1985) എന്നിവ.മീഡിയ ഹൈപ്പ് ലഭിക്കാത്തതു കാരണം കാരണവർസ്ഥാനം ലഭിക്കാതെ പോയ ബർളിയുടെ അച്ഛൻ കെ.ജെ. ബർളി കൊച്ചി മേയറായിരുന്നു. (മധുവിന്റെ അച്ഛൻ പരമേശ്വരൻ പിള്ള തിരുവനന്തപുരത്തിന്റേയും ) വ്യവസായ തിരക്കിനിടയിൽസാഹിത്യത്തിലും ബർളി കൈവെച്ചു. ഏതാനും ഇംഗ്ലീഷ് നോവലുകൾ അദ്ദേഹം രചിച്ചു.
ആരോഗ്യം പരിഗണിക്കുമ്പോൾ മെഗാ – സൂപ്പർ സ്റ്റാറുകൾക്കൊന്നും അദ്ദേഹത്തിന്റെ കായബലത്തിന്റെ പകുതി പോലുമില്ല ഇപ്പോഴും .
ടിപ്പണി – സ്വാതന്ത്ര്യ സമരം കത്തിക്കാളുന്നു. ഫോർട്ടു കൊച്ചി വെളി മൈതാനത്ത് വലിയൊരു ബ്രിട്ടീഷ് വിരുദ്ധ സമ്മേളനം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നു. ജനം കാത്തു നിന്നയാൾ എത്തി. തോമസ് ബർളിയെന്ന ശിശുവിനെ അദ്ദേഹം കയ്യിലെടുത്ത് ഉമ്മ വെച്ചു. അദ്ദേഹം പ്രസംഗിക്കുമ്പോൾ ശിശു അടുത്തിരുന്നു. പ്രാസംഗികന്റെ പേര് മഹാത്മ ഗാന്ധി .
ഒരു ചോദ്യം – സംസ്ഥാനസർക്കാരിന്റെജെ.സി.ഡാനിയൽ അവാർഡിന് ഇദ്ദേഹം അർഹനല്ലേ ?
Discussion about this post