ന്യൂയോർക്ക്: രക്തമെന്ന് കേട്ടാൽ നമ്മുടെ മനസിൽ എത്തുന്ന നിറം ചുവപ്പായിരിക്കും. മനുഷ്യനും മറ്റ് ജീവജാലങ്ങൾക്കും ചുവന്ന നിറമുള്ള രക്തമാണ് ഉള്ളത് എന്ന് നമുക്ക് അറിയാം. പ്രിഡേറ്റർ എന്ന ഹോളിവുഡ് സിനിമയിൽ പച്ച നിറമുള്ള രക്തമുള്ള ഭീകര ജീവിയെയും നാം കണ്ടിട്ടുണ്ട്. എന്നാൽ നീല നിറത്തിലുള്ള ഒരു കടൽ ജീവി നമ്മുടെ ഈ ഭൂമിയിൽ ഉണ്ട്. മരുന്ന് നിർമ്മാണം ഉൾപ്പെടെ വൈദ്യ ആവശ്യങ്ങൾക്കായി ഇവയുടെ നീല നിറത്തിലുള്ള രക്തം വ്യപകമായി ഉപയോഗിക്കാറുമുണ്ട്.
ഹോഴ്‌സ്ഷൂ ക്രാബ് എന്ന ഞണ്ടിനാണ് നീല നിറത്തിലുള്ള രക്തം ഉള്ളത്. കുതിരയുടെ കുളമ്പിന് സമാനമായ ആകൃതിയിൽ കാണപ്പെടുന്നത് കൊണ്ടാണ് ഇവയ്ക്ക് ഇത്തരത്തിൽ പേര് ലഭിച്ചത്. 450 മില്യൺ വർഷക്കാലമായി ഈ കടൽജീവി നമ്മുടെ ഭൂമിയിൽ ജീവിക്കുന്നു. അതായത് ദിനോസറുകളെക്കാൾ പഴക്കം ഈ ജീവിയ്ക്കുണ്ട്.
നല്ല നീല നിറത്തിലുള്ള രക്തം ആണ് ഈ ജീവിയ്ക്കുള്ളത്. രക്തത്തിന് ചുവന്ന നിറം നൽകുന്നത് ഹീമോഗ്ലോബിൻ ആണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഹീമോഗ്ലോബിന് പകരം ഈ ജീവിയിൽ ഉള്ളത് ഹീമോസിയാനിൻ ആണ്. ഇതേ തുടർന്നാണ് ഇവയുടെ രക്തം നീല നിറത്തിൽ കാണപ്പെടുന്നത്. ചെമ്പിന്റെ അംശം ഇവയുടെ രക്തത്തിൽ വളരെ കൂടുതൽ ആണ്.
രക്തത്തിന്റെ ഈ പ്രത്യേകതകൊണ്ടുതന്നെ ഇവ ഇന്ന് മനുഷ്യരിൽ നിന്നും വലിയ ഭീഷണി നേരിടുന്നു. ബാക്ടീരിയകളെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള മരുന്നുകളുടെ നിർമ്മാണത്തിനായി ഇവയുടെ രക്തം ഉപയോഗിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഇവയുടെ രക്തത്തിന് ലിറ്ററിന് 10 ലക്ഷം രൂപ വരെയാണ് മതിപ്പ്.
വായിലൂടെയാണ് ഇവയുടെ രക്തം ശേഖരിക്കാറുള്ളത്. ജീവനോടെയുണ്ടെങ്കിൽ മാത്രമേ ഇതിന് കഴിയൂ. രക്തം ശേഖരിച്ച് കഴിഞ്ഞാൽ ഇവയെ തിരികെ കടലിലേക്ക് വിട്ടയയ്ക്കും. വിപണിയിൽ ഉയർന്ന വില ലഭിക്കുന്നു എന്നതുകൊണ്ട് തന്നെ ആളുകൾ ഇവയെ അശാസ്ത്രീയമായി വേട്ടയാടാറുണ്ട്. ഇത് ഇവയെ വംശനാശത്തിന്റെ വക്കിൽ എത്തിച്ചിരിക്കുകയാണ്.











Discussion about this post