എറണാകുളം: ഭാര്യ എലിസബത്തിനെ പോലെ തന്റെ പിന്നാലെ ക്യാമറയുമായി നടക്കുകയാണ് ടൊവിനോ തോമസ് എന്ന് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. രണ്ട് പേരുടെയും കയ്യിൽ തന്റെ കരിയർ നശിപ്പിക്കാൻ കഴിയുന്ന വീഡിയോകൾ ഉണ്ട്. അതുകൊണ്ട് തന്നെ ഇവരുടെ ഭീഷണികൾ നേരിടേണ്ടിവരുന്നുണ്ടെന്നും ബേസിൽ പറഞ്ഞു. സ്വകാര്യ യൂട്യൂബ് ചാനലിന് മുൻപിൽ വിശേഷങ്ങൾ പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.
താൻ ടൊവിനോയെ ട്രോളാറില്ല. തന്നെ കളിയാക്കി തേജോവധം ചെയ്യുന്നത് ടൊവിനോയാണ്. തന്നെ കളിയാക്കാനായി വീഡിയോകൾ പകർത്താൻ ഭാര്യ എലിസബത്തും ടൊവിനോയും സദാസമയവും ക്യാമറ തുറന്നുവെച്ച് നടപ്പാണ്. പൂച്ചയുടെ വീഡിയോ ഫുൾ എടുത്തത് എലിസബത്ത് ആണെന്നും ബേസിൽ പറഞ്ഞു.
ലുഡോ കളിച്ച് താൻ തോറ്റ വീഡിയോ പകർത്തിയതും എലിസബത്ത് ആണ്. പിറന്നാളിന് ആ വീഡിയോ എലിസബത്ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇതിന് താഴെ താൻ നീ തീർന്നെടീ തീർന്ന് എന്ന് കമന്റിട്ടു. അഹങ്കരിക്കേണ്ട എന്നും കൂടുതൽ വീഡിയോകൾ ഉണ്ടെന്നും ആയിരുന്നു അവൾ പറഞ്ഞത്. പട്ടികളുമായുള്ള എൻകൗണ്ടർ ദൃശ്യങ്ങളാണ് അവളുടെ കയ്യിൽ ഉള്ളത്. ഇത്തരത്തിൽ തന്റെ കരിയർ നശിപ്പിക്കുന്നതിനുള്ള വീഡിയോകൾ ടൊവിനോയുടെയും എലിസബത്തിന്റെയും കയ്യിൽ ഉണ്ട്. അതുകൊണ്ട് തന്നെ താൻ വെല്ലുവിളിക്കാൻ പോകാറില്ല. ഇവരിൽ നിന്നും ഭീഷണികളും നേരിടാറുണ്ടെന്നും ബേസിൽ വ്യക്തമാക്കി.
Discussion about this post