എറണാകുളം: ബലാത്സംഗ കേസിൽ അറസ്റ്റ് ഭയന്ന് ഒളിവിൽ പോയ നടൻ സിദ്ദിഖിന്റെ മകന്റെ കൂട്ടുകാർ കസ്റ്റഡിയിൽ. സിദ്ദിഖിന്റെ മകൻ ഷഹീനിന്റെ സുഹൃത്തുക്കളായ നാഹി, പോൾ എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തത്. ഇവരെ ചോദ്യം ചെയ്യുകയാണെന്നാണ് വിവരം.
പുലർച്ചെ അഞ്ച് മണിയോടെയാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിൽ എടുത്തത്. വീടുകളിൽ നേരിട്ട് എത്തിയായിരുന്നു ഇവരെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. സിദ്ദിഖ് എവിടെയെന്ന് ചോദിച്ച് വീട്ടിലെത്തിയ പോലീസ് സംഘം യുവാക്കളെ വലിച്ചിഴച്ച് ജീപ്പിൽ കയറ്റി കൊണ്ട് പോകുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ ഇരു യുവാക്കളുടെയും ബന്ധുക്കൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്.
നിലവിൽ സിദ്ദിഖ് കൊച്ചിയിൽ തന്നെയുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. സിദ്ദിഖിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമെല്ലാം വീടുകളും സ്ഥാപനങ്ങളും പോലീസ് നിരീക്ഷണത്തിലാണ്. മറ്റിടങ്ങളിലും പോലീസ് പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ ആഴ്ചയാണ് സിദ്ദിഖ് അറസ്റ്റ് ഭയന്ന് ഒളിവിൽ പോയത്.
Discussion about this post