തിരുവനന്തപുരം: ദിലീപും തമിഴ് നടൻ സത്യരാജും തകർത്തഭിനയിച്ച ചിത്രമാണ് ആഗതൻ. തിയറ്ററുകളിൽ വലിയ വിജയമായ ചിത്രത്തിന് ആരാധകർക്കിടയിൽ ഇപ്പോഴും റിപ്പീറ്റ് വാല്യു ഉണ്ട്. കമലാണ് ആഗതൻ സിനിമയുടെ സംവിധാനം നിർവ്വഹിച്ചത്. സിനിമയുടെ ചിത്രീകരണ വേളയിൽ തനിക്ക് ഉണ്ടായ ചില അനുഭവങ്ങൾ തുറന്നുപറയുകയാണ് കമൽ. സ്വകാര്യമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ തുറന്ന് പറച്ചിൽ.
ആഗതൻ എന്ന സിനിമയുടെ ക്യാമറ നിർവ്വഹിച്ചിരിക്കുന്നത് അജയൻ വിൻസെന്റ് ആണ്. എന്നാൽ ആദ്യം ഈ സിനിമയിലേക്ക് വേണുവിനെയാണ് ക്യാമറാ മാനായി നിശ്ചയിച്ചിരുന്നത് എന്ന് കമൽ പറഞ്ഞു. ഇക്കാര്യം അറിയിക്കാനായി താൻ വേണുവിനെ നേരിൽ കണ്ടിരുന്നു. എന്നാൽ ക്യാമറ ചെയ്യാൻ കഴിയില്ലെന്നായിരുന്നു വേണുവിന്റെ മറുപടി. താൻ അതിന്റെ കാരണം ചോദിച്ചു.
ദിലീപ് അല്ലെ നായകൻ, അതുകൊണ്ട് താനില്ല എന്ന് വേണു പറഞ്ഞു. ദിലീപിനും തനിക്കും തമ്മിൽ ചില പ്രശ്‌നങ്ങൾ ഉണ്ട്. അതുകൊണ്ട് തന്നെ തനിക്ക് സിനിമയുടെ ഭാഗമാകാൻ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് അദ്ദേഹത്തെ നിർബന്ധിക്കാൻ താൻ പോയില്ല. അങ്ങിനെയാണ് ആഗതനിൽ ക്യാമറ ചലിപ്പിക്കാനുള്ള അവസരം അജയൻ വിൻസെന്റിന് ലഭിക്കുന്നത്.
കഥ ദിലീപിനെ വായിച്ച് കേൾപ്പിച്ചപ്പോൾ അദ്ദേഹം ആദ്യം സംശയിച്ചു. ഗൗരവമുള്ള കഥാപാത്രത്തെ താൻ അവതരിപ്പിച്ചാൽ ശരിയാകുമോ എന്നായിരുന്നു ദിലീപിന്റെ ചോദ്യം. പറ്റുമെന്ന് താൻ പറഞ്ഞു. അങ്ങിനെയാണ് ദിലീപ് ഈ പടം ചെയ്യുന്നത്. കശ്മീരിലും ഇവിടെയുമായിരുന്നു ഷൂട്ടിംഗ്. കശ്മീരിൽ വച്ചുള്ള ചിത്രീകരണത്തിനിടെ പല ബുദ്ധിമുട്ടുകളും നേരിടേണ്ടിവന്നുവെന്നും കമൽ കൂട്ടിച്ചേർത്തു.
Discussion about this post