തിരുവനന്തപുരം: നടൻ ജാഫർ ഇടുക്കിക്കെതിരെ പീഡനപരാതിയുമായി നടി. മുകേഷ് എംഎൽഎ ഉൾപ്പെടെ നിരവധി നടൻമാർക്കെതിരെ പീഡനപരാതി ഉയർത്തിയ നടിയാണ് ജാഫർ ഇടുക്കിക്കെതിരെ പരാതി നൽകിയത്. ഓൺലൈനായിട്ടാണ് നടി ഡിജിപിയ്ക്കും പ്രത്യേക അന്വേഷണസംഘത്തിനും പരാതി നൽകിയത്.
ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ജാഫർ ഇടുക്കി മോശമായി പെരുമാറിയെന്നാണ് പരാതി. ഭയന്നാണ് പരാതി നൽകാതിരുന്നതെന്നും പുറത്ത് പറഞ്ഞാൽ ചിത്രീകരിച്ച സിനിമാരംഗങ്ങൾ ഒഴിവാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും താരം ആരോപിച്ചു. ഇന്ന് നടൻ ബാലചന്ദ്രമേനോനെതിരെയും നടി ഡിജിപിയ്ക്കും പ്രത്യേക അന്വേഷണസംഘത്തിനും പരാതി നൽകിയിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ബാലചന്ദ്ര മേനോനെതിരെയും ജാഫർ ഇടുക്കി തുടങ്ങിയ നടൻമാർക്കെതിരെയും ലൈംഗികാരോപണങ്ങളുന്നയിച്ച് ഈ നടി യൂട്യൂബ് ചാനലുകൾക്കും ഓൺലൈനുകൾക്കും അഭിമുഖം നൽകിയിരുന്നു. പരാതി നൽകിയാൽ ചിത്രീകരിച്ച സിനിമാ രംഗങ്ങൾ ഒഴിവാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നടി ആരോപിച്ചിരുന്നു.
നേരത്തേ സോഷ്യൽമീഡിയയിൽ കൂടി അപകീർത്തിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ബാലചന്ദ്രമേനോൻ ലൈംഗികാരോപണം ഉന്നയിച്ച നടിക്കെതിരേയും നടിയുടെ അഭിഭാഷകനെതിരേയും ഡിജിപിക്ക് പരാതി നൽകിയിരുന്നു.
Discussion about this post