ഹൈദരാബാദ്: മരണം കവർന്നെടുത്ത് വർഷങ്ങൾക്ക് കഴിഞ്ഞിട്ടും ആരാധകരുടെ ഓർമ്മകളിൽ നിന്നും സൗന്ദര്യ മാഞ്ഞിട്ടില്ല. ഇപ്പോഴും ഏറ്റവും കൂടുതൽ പേർ ആരാധിയ്ക്കുന്ന നടിയാണ് സൗന്ദര്യ. യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കിളിച്ചുണ്ടൻ മാമ്പഴം എന്നീ രണ്ട് മലയാള ചിത്രങ്ങളിൽ മാത്രമാണ് നടി അഭിനയിച്ചിട്ടുള്ളത്.
2004 ൽ ആയിരുന്നു സൗന്ദര്യയുടെ അപ്രതീക്ഷിത വിയോഗം. ഹെലികോപ്റ്ററിൽ സഞ്ചരിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ ആയിരുന്നു നടിയ്ക്ക് ജീവൻ നഷ്ടമായത്. താരത്തിന്റെ മരണത്തിന് പിന്നാലെ സ്വത്തുക്കളുമായി ബന്ധപ്പെട്ട് വലിയ വിവാദം ഉയർന്നിരുന്നു. അത് വലിയ ശ്രദ്ധയായിരുന്നു പിടിച്ച് പറ്റിയത്. ഇപ്പോഴിതാ താരത്തിന്റെ ഹൈദരാബാദിലെ ഭൂമിയുമായി ബന്ധപ്പെട്ട ചില വിവരങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
ഹൈദരാബാദിലെ ഷംഷബാദിലുള്ള സ്ഥലവുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പ്രദേശത്ത് നടിയ്ക്ക് ആറേക്കർ സ്ഥലം ഉണ്ടായിരുന്നു. കോടികൾ വിലമതിയ്ക്കുന്ന ഈ ഭൂമി എന്നാൽ ഇപ്പോൾ താരത്തിന്റെ രക്ഷിതാക്കളുടെ പക്കൽ ഇല്ല. മറിച്ച് ഒരു പ്രമുഖ നടന്റെ ഉടമസ്ഥതയിൽ ആണ് ഈ സ്ഥലമുള്ളത്. ഇത് എങ്ങിനെ സംഭവിച്ചുവെന്നത് സംബന്ധിച്ച അഭ്യൂഹങ്ങൾ ആണ് പ്രചരിക്കുന്നത്.
തെലുങ്ക് നടൻ മോഹൻ ബാബുവാണ് ഈ സ്ഥലത്തിന്റെ ഇപ്പോഴത്തെ ഉടമ. ആറേക്കർ സ്ഥലവും ഇപ്പോൾ അദ്ദേഹത്തിന്റെ പക്കലാണ്. മാതാപിതാക്കളുടെ പേരിലാണ് സൗന്ദര്യ ഇവിടെ സ്ഥലം വാങ്ങിയിരുന്നത്. ഈ സ്ഥലം എങ്ങനെ നടന്റെ പക്കലെത്തി എന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച. മാതാപിതാക്കൾ ഈ സ്ഥലം വിറ്റതാകാം എന്നാണ് കരുതുന്നത്. എന്നാൽ സാമ്പത്തിക പ്രശ്‌നം ഒന്നും ഇല്ലാത്ത കുടുംബം സ്ഥലം നടന് നൽകിയത് എന്തിനാണെന്ന സംശയവും ഉയർത്തുന്നുണ്ട്. നടൻ സ്ഥലം തട്ടിയെടുത്തിരിക്കുമോയെന്ന ചോദ്യവും ആളുകൾ ഉയർത്തുന്നുണ്ട്.
Discussion about this post