തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ മാതാപിതാക്കളും മറ്റ് കുടുംബാംഗങ്ങളും നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി പിറണായി വിജയൻ. മന്ത്രിസഭാ യോഗത്തിന് പിന്നാലെ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. ഷിരൂർ മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപ്പെട്ട ലോറി ഡൈവ്രർ അർജുന്റെ കുടുംബത്തിന് 7 ലക്ഷം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ പെട്ടവർക്കായി കൂടുതൽ ധനസഹഹായം കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുണ്ടക്കൈ ദുരന്തത്തിൽ മാതാപിതാക്കളിൽ രണ്ട് പേരെയും നഷ്ടപ്പെട്ട കുട്ടികൾക്ക് പത്ത് ലക്ഷം നൽകും. മാതാപിതാക്കളിൽ ഒരാൾ നഷ്ടപ്പെട്ട കുട്ടിക്ക് അഞ്ച് ലക്ഷം രൂപ നൽകും. ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് മാതൃക ടൗൺഷിപ്പ് ഉണ്ടാക്കും. മേപ്പാടി, നെടുമ്പാല, കൽപ്പറ്റ എൽസ്റ്റൺ എസ്‌റ്റേറ്റ് എന്നീ സ്ഥലങ്ങളാണ് ടൗൺഷിപ്പിന പരിഗണിക്കുക. ഇതിന്റെ നിയമവശം പരിശോധിക്കും. വീടും സ്ഥലവും നഷ്ടപ്പെട്ടവരെ ആദ്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, പൂരം കലക്കലുമായി ബന്ധപ്പെട്ട് ത്രിതല അന്വേഷണം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള വീഴ്ച്ച ഇന്റലിജൻസ് എഡിജിപി മനോജ് എബ്രഹാം ഐപിഎസ് അന്വേഷിക്കും. എഡിജിപി അജിത്ത് കുമാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ച്ചയെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന പോലീസ് മേധാവിയെ ചുമതലപ്പെടുത്തും. പൂരം കലക്കലിലെ ഗൂഡാലോചന ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post