എറണാകുളം: വഖഫ് ഭൂമി വിഷയത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ വേണമെന്ന ആവശ്യവുമായി മുനമ്പം നിവാസികൾ. ഭൂമിയിന്മേലുള്ള അവകാശവാദം വഖഫ് ബോർഡ് ശക്തമാക്കിയ സാഹചര്യത്തിലാണ് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന ആവശ്യവുമായി ആളുകൾ രംഗത്ത് എത്തിയത്. ഭൂമി പ്രശ്‌നത്തെ തുടർന്ന് മുനമ്പത്തെ 614 കുടുംബങ്ങളാണ് പ്രതിസന്ധിയിൽ ആയിരിക്കുന്നത്.
പള്ളിപ്പുറം പഞ്ചായത്തിലെ രണ്ട് വാർഡുകളിലായുള്ള 104 ഏക്കർ ഭൂമിയിലാണ് വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ഭൂമി എത്രയും വേഗം വിട്ട് തരണം എന്നാണ് ബോർഡിന്റെ താക്കീത്. 50 വർഷത്തിലധികം കാലമായി ഇവിടെ താമസിക്കുന്നവരാണ് ഭൂരിഭാഗം കുടുംബങ്ങളും. സ്വന്തം മണ്ണും വീടും വിട്ട് എങ്ങോട്ട് പോകണം എന്ന് അറിയാത്ത അവസ്ഥയിലാണ് നാട്ടുകാർ. പ്രദേശത്തെ പ്രശ്‌നം കാരണം സ്ഥലം വിൽക്കാനോ, ആധാരം പണയപ്പെടുത്തി വായ്പയെടുക്കാനോ ആർക്കും കഴിയുന്നില്ല. ഇതേ തുടർന്ന് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച വിദ്യാർത്ഥികൾ വരെ ഇവർക്കിടയിൽ ഉണ്ട്.
74 വർഷങ്ങൾക്ക് മുൻപ് സിദ്ദിഖ് സേഠ് എന്ന വ്യക്തി കോഴിക്കോട് ഫാറൂഖ് കോളേജിന് കൈമാറിയ വഖഫ് ഭൂമിയാണ് ഇത്. 404 ഏക്കർ ഭൂമിയാണ് അന്ന് കോളേജിന് കൈമാറിയത്. എന്നാൽ പിന്നീട് 1989 ൽ സ്വകാര്യ വ്യക്തി അതീവ രഹസ്യമായി ഈ ഭൂമി പ്രദേശവാസികൾക്ക് മറിച്ച് വിറ്റു. ഇതറിയാതെ ഭൂമി വാങ്ങിയവരാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്.
Discussion about this post