കണ്ണൂർ: പയ്യന്നൂർ സ്വദേശിനി ചിത്ര ലേഖ അന്തരിച്ചു. 48 വയസ്സായിരുന്നു. അർബുദബാധിതയായി ദീർഘനാളായി ചികിത്സയിൽ ആയിരുന്നു. നിലവിൽ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ വീട്ടിലേക്ക് കൊണ്ടുവരും. സിപിഎമ്മിന്റെ പ്രതികാര നടപടികളുടെ ഇരയായിരുന്നു ചിത്രലേഖ.
ഇന്ന് പുലർച്ചെയോടെയായിരുന്നു മരണം സംഭവിച്ചത്. പാൻക്രിയാസിൽ ആയിരുന്നു അർബുദം ബാധിച്ചിരുന്നത്. ഇതിന് പിന്നാലെ മഞ്ഞപ്പിത്തവും ബാധിച്ചു. ഇതോടെ പരസഹായം കൂടാതെ എഴുന്നേറ്റ് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായി. ഭർത്താവ് ശ്രീകാന്ത് ആയിരുന്നു ചിത്രലേഖയെ പരിചരിച്ചിരുന്നത്. ജോലിയ്ക്ക് പോകാൻ കഴിയാതെ വന്നതോടെ കുടുംബം വലിയ സാമ്പത്തിക ബുദ്ധിമുട്ടിലായി. ചികിത്സാ സഹായം ഉൾപ്പെടെ ഇവർ സർക്കാരിൽ നിന്നും ആവശ്യപ്പെട്ടെങ്കിലും ലഭിച്ചിരുന്നില്ല. നാളെ രാവിലെ 9 മണിയോടെ വീട്ടിൽ എത്തിയ്ക്കുന്ന മൃതദേഹം 10.30 ഓടെ സംസ്‌കരിക്കും.
ഡ്രൈവറായിരുന്ന ചിത്രലേഖയുടെ ഓട്ടോറിക്ഷ സിപിഎം പ്രവർത്തകർ കത്തിച്ചിരുന്നു. ഇതോടെയാണ് ചിത്രലേഖ വാർത്തകളിൽ നിറഞ്ഞത്. ഇതിന് ശേഷം സിപിഎമ്മിന്റെ നിരന്തര ആക്രമണങ്ങൾക്ക് ഇരയാകുകയായിരുന്നു. 2005 ലായിരുന്നു സംഭവം. ഇതും ഇതിന്റെ തുടർച്ചയായി ഉണ്ടായ സംഭവങ്ങളും വലിയ വിവാദം ആയിരുന്നു.
Discussion about this post