ആരോഗ്യകരമായ ചുവന്ന രക്താണുക്കൾ, വെളുത്ത രക്താണുക്കൾ, പ്ലേറ്റ്‌ലെറ്റുകൾ എന്നിവ നിർമ്മിക്കുന്നതിന് നമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യമായ വൈറ്റമിൻ ആണ് ബി 12. നമ്മുടെ ശരീരത്തിൽ എല്ലാ ദിവസവും പഴയ ചുവന്ന രക്താണുക്കളുടെ ഏകദേശം 1% നശിപ്പിക്കപ്പെടുകയും മാറ്റി സ്ഥാപിക്കപ്പെടുകയും ചെയ്യുന്നു. പുതിയ ചുവന്ന രക്താണുക്കൾക്ക് വളരാനും വികസിപ്പിക്കാനും വൈറ്റമിൻ ബി 12 ഉം ഫോളേറ്റും (വൈറ്റമിൻ ബി 9) ആവശ്യമാണ്.
ഡിഎൻഎയും ചുവന്ന രക്താണുക്കളും സൃഷ്ടിക്കാൻ വൈറ്റമിൻ ബി 12 ആണ് സഹായിക്കുന്നത്.
മനുഷ്യ ശരീരത്തിലെ കേന്ദ്ര നാഡീവ്യൂഹത്തിന്റെ ( തലച്ചോറും സുഷുമ്നാ നാഡിയും) വികസനത്തിനും വൈറ്റമിൻ ബി 12 ആവശ്യമാണ് . മുടി, നഖം, ചർമ്മം എന്നിവ ആരോഗ്യകരമാക്കാനും ഇത് സഹായിക്കുന്നു . വൈറ്റമിൻ ബി 12 ൻ്റെ കുറവ് ശാരീരിക, നാഡീ, മാനസിക പ്രശ്നങ്ങൾക്ക് കാരണമാകും.
സാധാരണഗതിയിൽ മനുഷ്യശരീരം വൈറ്റമിൻ B12 ഉണ്ടാക്കുന്നില്ല, അതിനാൽ ഭക്ഷണങ്ങളിൽ നിന്നോ സപ്ലിമെൻ്റുകളിൽ നിന്നോ ആണ് മനുഷ്യ ശരീരത്തിന് ഈ വൈറ്റമിൻ ലഭിക്കുന്നത് . വെള്ളത്തിൽ ലയിക്കുന്നവയാണ് വൈറ്റമിൻ B12. അതായത് മൂത്രമൊഴിക്കുന്നതിലൂടെ ശരീരം ഈ വൈറ്റമിൻ അമിതമായി പുറത്തുവിടുന്നു. അതിനാൽ തന്നെ ഭക്ഷണത്തിലൂടെ ശരീരത്തിന് ആവശ്യമായ ഈ വൈറ്റമിൻ ശരീരത്തിന് ലഭിച്ചില്ലെങ്കിൽ അതിന്റെ അഭാവം നേരിടേണ്ടി വരുന്നതാണ്.
വൈറ്റമിൻ ബി 12 ൻ്റെ കുറവ് വൈജ്ഞാനിക പ്രശ്നങ്ങൾ (ചിന്ത, പഠനം എന്നിവയിലെ പ്രശ്നങ്ങൾ), മെമ്മറി പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് അൽഷിമേഴ്‌സ് രോഗവും പക്ഷാഘാതവും വരുന്നതിലും പങ്കു വഹിച്ചേക്കാം എന്നാണ് പഠനങ്ങൾ കണ്ടെത്തിയിട്ടുള്ളത്. നിങ്ങൾക്ക് ബി 12 ൻ്റെ അളവ് വളരെ കുറവാണെങ്കിൽ, നിങ്ങളുടെ ചർമ്മത്തിൽ ഹൈപ്പർപിഗ്മെൻ്റേഷൻ (കറുത്ത പാടുകൾ), വിറ്റിലിഗോ (ചർമ്മത്തിലെ നേരിയ പാടുകൾ), വായിലെ അൾസർ, എക്സിമ, മുഖക്കുരു എന്നിവയ്ക്കും കാരണമാകാം.
മത്സ്യം, മാംസം, കോഴി, പാൽ, മുട്ട, മുളപ്പിച്ച ധാന്യങ്ങൾ, പുളിപ്പിച്ച അപ്പങ്ങൾ, യീസ്റ്റ് എന്നിങ്ങനെയുള്ള ഭക്ഷണപദാർത്ഥങ്ങളിൽ നിന്നും വൈറ്റമിൻ ബി 12 ലഭിക്കുന്നതാണ്. മാംസങ്ങളിൽ പ്രത്യേകിച്ചും കരളിലാണ് വൈറ്റമിൻ ബി 12 കൂടുതലായി അടങ്ങിയിരിക്കുന്നത്. കരൾ വിഭവങ്ങൾ ആവശ്യത്തിനു കഴിക്കുന്നത് വൈറ്റമിൻ ബി 12 ശരീരത്തിന് ആവശ്യത്തിന് ലഭിക്കാൻ സഹായിക്കും. സാൽമൺ പോലെയുള്ള കൊഴുപ്പ് കൂടുതലുള്ള മത്സ്യവിഭവങ്ങളിലും പാൽ, തൈര് തുടങ്ങിയ വിഭവങ്ങളിലും ആവശ്യത്തിന് വൈറ്റമിൻ ബി 12 അടങ്ങിയിട്ടുണ്ട്.
Discussion about this post