ആലപ്പുഴ; ആലപ്പുഴയിൽ തീരത്തടിഞ്ഞ തിമിംഗലമത്സ്യത്തിന്റെ ജഡം മറവ് ചെയ്യാൻ ചെലവാക്കിയത് ലക്ഷങ്ങൾ. നാല് ലക്ഷം രൂപയാണ് മത്സ്യത്തിന്റെ ജഡം സംസ്‌കരിക്കാനായി ചെലവിട്ടത്.
35,000 കിലോമുതൽ 40,000 കിലോ വരെ ഭാരമുള്ള തിമിംഗലത്തിന്റെ ജഡം കടുത്തുരുത്തിൽ നിന്നെത്തിയ സംഘമാണ് സംസ്‌കരിച്ചത്. മത്സ്യത്തെ മൂന്ന് ഭാഗങ്ങളാക്കി മുറിച്ച് ഒരുഭാഗം അർത്തുങ്കൽ ഹാർബറിൽ കുഴിച്ചിടുകയും ബാക്കി ദഹിപ്പിക്കുകയുമായിരുന്നു.രണ്ട് ദിവസമെടുത്താണ് സംസ്‌കാരം പൂർത്തിയാക്കിയത്. കടുത്തുരുത്തി സ്വദേശി പിജി ഗിരീഷിന്റെ നേതൃത്വത്തിലുള്ള മോഡേൺ ഗ്രൂപ്പ്, 30 ടൺ വിറക്,15 കുറ്റി പാചകവാതകം,മൂന്ന് ടൺ ചിരട്ട എന്നിവ ഉപയോഗിച്ചാണ് സംസ്‌കാരം നടത്തിയത്. 10 ഓളം തൊഴിലാളികളുടെ ശ്രമഫലമായാണ് ഇത് സാധ്യമായത്.
ഈ കഴിഞ്ഞ 30ാം തീയതി വൈകീട്ടാണ് നീലത്തിമിംഗലത്തിന്റെ ജഡം ഒറ്റമശ്ശേരി കടൽത്തീരത്ത് എത്തിച്ചത്. 20 ടണ്ണിന്റെ രണ്ട് ക്രെയിനുകൾ ഉപയോഗിച്ചാണ് തിമിംഗലത്തെ കരക്കെത്തിച്ചത്.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശ്വാസതടസ്സമാണ് മരണകാരണമെന്നാണ് വൈറ്ററിനറി ഡോക്ടർമാർ പറഞ്ഞത്. തിമിംഗലം,ഡോൾഫിൻ പോലുള്ള ജലത്തിലെ സസ്തനികൾ വെള്ളത്തിനടിയിൽ നിന്നു കൂടെ,കൂടെ പൊങ്ങി വന്നു വായു വലിച്ചെടുത്താണ് ശ്വസിക്കുന്നത്. തലയ്ക്ക് മുകളിലുള്ള ബ്ലൂഹോൾ വഴിയാണ് ഇത് സാധ്യമാക്കുന്നത്. ഈ ശ്വസനത്തിന് എന്തെങ്കിലും തടസം നേരിട്ടാൽ ഇവ മരിക്കും.
Discussion about this post