അനേകം ജീവജാലങ്ങളാൽ സമ്പന്നമാണ് നമ്മുടെ ലോകം. വ്യത്യസ്തമാർന്ന കൗതുകമുണർത്തുന്ന അനേക ലക്ഷം ജീവികളിൽ പ്രകൃതിയുടെ സകല സ്റ്റീരിയോടൈപ്പുകളും പൊളിച്ചെഴുതിയ ജീവിവർഗമാണ് കടൽക്കുതിര. പ്രസവിക്കുന്ന പുരുഷൻ എന്ന പ്രത്യേകതയാണ് കടൽക്കുതിരകളെ വ്യത്യസ്തരാക്കുന്നത്. കരയിലെ നമുക്ക് പരിചിതമായ പല ജീവികളോടും രൂപസാദൃശ്യമുണ്ട് ആളിന്. കുതിരയുടെ മുഖം, കുരങ്ങിന്റെ വാൽ,വണ്ടിന്റെ പുറംതോട്, ഓന്തിന്റെ ഉണ്ടക്കണ്ണുകൾ,കങ്കാരുവിന്റെ ഉദരസഞ്ചി എന്നിങ്ങനെ കരയിലെ ജീവികളുടെ ചില പ്രത്യേകതകൾ കടം വാങ്ങി കടലിൽ വിലസിനടക്കുന്ന വിസ്മയ ജീവി.
സിഗ്നാത്തിഡെ എന്ന കുടുംബത്തിൽപ്പെട്ട ഒരു മത്സ്യമാണ് യഥാർത്ഥത്തിൽ കടൽക്കുതിര. ഹിപ്പൊകാമ്പസ് എന്ന ജനുസാണ് ഇവയുടേത്. ഹിപ്പൊ എന്നാൽ ഗ്രീക്കിൽ കുതിര, കാമ്പസ് എന്നാൽ വൻജലജന്തുവെന്നും അർത്ഥം. ഏകദേശം അമ്പത് സ്പീഷീസ് കടൽ കുതിരകളെയാണ് ഭൂഗോളത്തിൽ മനുഷ്യൻ ഇത് വരെ കണ്ടെത്തിയിട്ടുള്ളത്. അതിലുമേറെ കടലാഴങ്ങളിൽ ഒളിച്ചിരിപ്പുണ്ടാവുമെന്ന് സാരം. ലോകമെമ്പാടുമുള്ള ആഴം കുറഞ്ഞ ഉഷ്മമേഖല മിത ശിതോഷ്ണ മേലകളിലാണ് ഇവ കാണപ്പെടുന്നത്.
ഏതാണ്ട് 16 മുതൽ 35 സെന്റീമീറ്റർ വരെ മാത്രം വലിപ്പം വയ്ക്കുന്ന ഈ ഇത്തിരിക്കുഞ്ഞൻ വ്യത്യസ്തനാവുന്നത് അവയുടെ പ്രത്യുൽപ്പാദന രീതികൊണ്ടുകൂടിയാണ്. പുരുഷബീജത്തെ ഏറ്റുവാങ്ങി ഗർഭപാത്രത്തിൽ ഭ്രൂണത്തെ വഹിച്ച് കുഞ്ഞുങ്ങളെ നൊന്തുപ്രസവിക്കാനാന്നും കടൽക്കുതിരകളിലെ പെണ്ണുങ്ങൾ മെനക്കെടാറില്ല. അതെല്ലാം കൂട്ടത്തിലെ പുരുഷകേസരികളുടെ ജോലിയാണ്. പരമ്പരാഗത ലൈംഗികതാ സങ്കൽപ്പങ്ങളെ കടലാഴങ്ങളിൽ പൊളിച്ചെഴുതുന്ന ഇവയുടെ പ്രസവവും കൗതുകമുണർത്തുന്നതാണ്.
ശുക്ലം ഉത്പാദിപ്പിക്കുന്ന, പരമ്പരാഗതമായ നാം പുരുഷനെന്ന വിളിപ്പേര് നൽകിയ കൂട്ടരാണ് കടൽക്കുതിരകളിൽ ഗർഭം ധരിക്കുന്നത്. പ്രീഡോൺ ഡാൻസ് എന്നറിയപ്പെടുന്ന ഘട്ടം ഘട്ടമായുള്ള പ്രണയസല്ലാപത്തിലൂടെയാണ് കടൽക്കുതിരകൾ പ്രത്യുൽപ്പാദനത്തിലേക്ക് കടക്കുന്നത്. ലൈംഗികബന്ധത്തിന്റെ അവസാനം പെൺകടൽക്കുതിരകൾ, ആൺകടൽക്കുതിരകളുടെ വയറ്റിലെ സഞ്ചിപോലുള്ള ഭാഗത്തേക്ക് തങ്ങളുടെ ബീജസങ്കലനം പൂർത്തിയായ മുട്ടകൾ നിക്ഷേപിക്കും. ബ്രൂഡ് പൗച്ച് എന്നാണ് ശാസ്ത്രലോകത്ത് ഈ സഞ്ചി അറിയപ്പെടുന്നത്. ഇതോടു കൂടി കടൽക്കുതിരകളുടെ സകല ഉത്തരവാദിത്വവും തീരും. പിന്നെ ഗർഭകാലവും പ്രസവവും ഒക്കെ അച്ഛൻമാരുടെ ജോലി. ഇങ്ങനൊക്കെ കഷ്ടപ്പാടുണ്ടെങ്കിലും ജീവിതകാലം മുഴിവൻ ഏകപത്‌നീവ്രതക്കാരാണ് കടൽക്കുതിരകൾ. പെൺകുതിരകൾക്കും അങ്ങനെ തന്നെ. ജീവിതകാലത്ത് കൂട്ടിന് ഒറ്റ പുരുഷൻമാത്രം.
ഇങ്ങനെ പെൺ കടൽക്കുതിരകൾ നിക്ഷേപിക്കപ്പെടുന്ന മുട്ടകൾ ഏകദേശം ഒരാഴ്ചമുതൽ 24 ദിവസം നീണ്ട ഗർഭകാലത്തിന് ശേഷം പുറത്തേക്ക് വിടും. ബ്രൂഡ് പൗച്ചിലെ അറ്റം തുറന്നാണ് കുഞ്ഞുങ്ങളെ പ്രസവിച്ച് പുറത്തേക്ക് വിടുന്നത്. ഒറ്റപ്രസവത്തിൽ ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്കാണ് കൽക്കുതിരകൾ ജന്മം നൽകുന്നത്. കുഞ്ഞുങ്ങളുടെ അസ്ഥികൂടവും, അവയുടെ ത്വക്കിന്റെ തൊട്ടുതാഴെയായി കാണപ്പെടുന്ന കുഞ്ഞുകുഞ്ഞു അസ്ഥിവലയങ്ങളും ഒക്കെ രൂപപ്പെടുത്താൻ വേണ്ട കാൽസ്യവും ഫാറ്റും ഒക്കെ നൽകുന്നത് അച്ഛന്മാരാണ്. ഭ്രൂണം ഉത്പാദിപ്പിക്കുന്ന കാർബൺ ഡയോക്‌സൈഡ്, നൈട്രജൻ തുടങ്ങിയ മാലിന്യങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്ന ജീനുകളും ആൺ കടൽക്കുതിരകൾ മക്കൾക്ക് നൽകും. ഒപ്പം, ഈ ഭ്രൂണങ്ങളെ അണുബാധയേൽക്കാതെ കാത്തുസൂക്ഷിക്കുന്നതും, അവയ്ക്ക് വേണ്ട ആന്റി ബാക്റ്റീരിയൽ ആന്റി ഫംഗൽ തന്മാത്രകൾ നൽകുന്നതും ഒക്കെ സൂപ്പർഡാഡി തന്നെ.
ഗർഭം ധരിച്ച് ഒരാഴ്ചയ്ക്കകം ഭ്രൂണങ്ങൾ അനങ്ങിത്തുടങ്ങും. അവയ്ക്ക് വലിപ്പമേറുന്നതോടെ അച്ഛന്മാരുടെ വയറും വീർത്തു വീർത്തു വരും. ഈ കാലയളവിൽ കടൽക്കുതിരകളിൽ ഈസ്ട്രജൻ ഹോർമോൺ കാര്യമായ അളവിൽ ഉത്പാദിപ്പിക്കപ്പെടും. ഇതാണ് പ്രസവത്തിനായി അവയുടെ ശരീരത്തെ പാകപ്പെടുത്തുന്നത്.മനുഷ്യർക്കുള്ള പോലെ തന്നെ ഒരു പ്ലാസെന്റ എന്ന ഭാഗം ഗർഭപാത്രത്തിനുള്ളിൽ ഭ്രൂണത്തിന് വേണ്ട ഓക്‌സിജൻ നൽകും.
പ്രസവത്തോടെ അച്ഛന്റെയും ജോലി കഴിഞ്ഞു. പിറന്നുവീഴുന്ന നിമിഷം മുതൽ കുഞ്ഞുങ്ങൾ സ്വന്തം കാര്യം നോക്കിക്കോണം. സ്വന്തം തീറ്റതേടാനു ടെറിട്ടെറി ഉണ്ടാക്കാനും കുടുംബത്തിന്റെ സഹായം ഇവയ്ക്ക് ലഭിക്കില്ല. അത് മാത്രമല്ല കാര്യം ഇവൻ മത്സ്യങ്ങളുടെ കുടുംബത്തിൽപ്പെട്ടതാണെങ്കിലും നല്ല നീന്തൽക്കാരല്ല.. കടൽജീവികൾക്ക് പേരുദോഷം ഉണ്ടാക്കുന്ന രീതിയിൽ ആടിക്കുഴഞ്ഞ്,പതുക്കെയാണ് ഇവ നീന്താറുള്ളത്. ഒരു മണിക്കൂറിൽ ഒന്നരമീറ്റർ മാത്രമേ നീന്താനൊക്കൂ. കൂടാതെ നിരന്തരം ഭക്ഷണം കഴിച്ചാലേ ഇവയ്ക്ക് ജീവിക്കാൻ കഴിയൂ. കടൽപ്പായൽ ആണ് പ്രധാന ഭക്ഷണം. കൂടാതെ ചെറുജീവികളെ പതിയിരുന്ന് ആക്രമിച്ച് ശാപ്പിടുകയും ചെയ്യും .
അനന്തമജ്ഞാതം അവർണനീയം എന്ന് ഈ ഭൂലോകത്തെപ്പറ്റി കവികൾ വർണിച്ചത് വെറുതെയല്ല.. എത്രത്തോളം വ്യത്യസ്തമായ ജീവ ജാലങ്ങളാണ് നമുക്ക് ചുറ്റുമുള്ളത്.. ആ വ്യത്യസ്തതയിലെ ഒരു പ്രധാനിയാണ് നമ്മുടെ കടൽക്കുതി
Discussion about this post