തിരുവനന്തപുരം; സംസ്ഥാനത്ത് മാറിയും മറിഞ്ഞും നിൽക്കുകയാണ് സ്വർണവില. കുറച്ചുദിവസങ്ങളായി തുടർച്ചായി വർദ്ധിച്ചിരുന്ന സ്വർണവിലയ്ക്ക് ഇന്ന് ചെറിയ ഇടിവ് സംഭവിച്ചിരുന്നു. പവന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 56,800 രൂപയായി മാറി. ഗ്രാമിന് 20 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണത്തിന് 7100 രൂപയിൽ എത്തിനിൽക്കുകയാണ്. സ്വർണവില 60,000 ത്തിൽ എത്തുമോ എന്ന ആശങ്ക ഉയരുന്നതിനിടെയാണ് ആശ്വാസമെന്നോണം സ്വർണവില കുറഞ്ഞത്.
കണക്കുകളും ഇപ്പോഴത്തെ അന്താരാഷ്ട്ര സാഹചര്യങ്ങളും പരിശോധിക്കുകയാണെങ്കിൽ സ്വർണവില ഈ വർഷം അവസാനത്തോടെ റെക്കോർഡ് തൊടുമെന്നാണ് റിപ്പോർട്ടുകൾ. ഡിസംബറോടെ സ്വർണം ഗ്രാമിന് 7550 മുതൽ 8,000 രൂപവരെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സ്വർണ വിലയിൽ 29 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം സ്വർണവിലയിൽ പ്രതിഫലിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. യുദ്ധവും റിസർവ് ബാങ്ക് നയ പ്രഖ്യാപനവും വിദേശ നിക്ഷേപകരുടെ ചാഞ്ചാട്ടവും ഉൾപ്പെടെയുള്ള സൂചകങ്ങളാണ് സ്വർണവിലയെ പ്രതിഫലിക്കുക. ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധം കടുത്താൽ ആഗോളവ്യാപകമായി സമ്പത്തിക മേഖലയെ ഇത് ബാധിക്കും.
സ്വർണവില കുതിച്ചുയരുമ്പോഴും സ്വർണം വാങ്ങിക്കൂട്ടുന്ന ശീലത്തിന് കുറവില്ല. ഓൺലൈനിലൂടെയും സ്വർണം വാങ്ങുന്നത് കുതിക്കുകയാണ്. ആമസോൺ ഗ്രേറ്റ് ഇന്ത്യന് ഫെസ്റ്റിവൽ വിൽപ്പനയുടെ സ്വർണ ആഭരണഡിമാൻഡിൽ 5 മടങ്ങ് വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഹാൾമാർക്ക് ചെയ്ത സ്വർണാഭരണങ്ങളുടെ വിൽപ്പനയിൽ 84 ശതമാനം വർദ്ധനവും ഉണ്ടായി. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്, ജോയ് ആലുക്കാസ്.പിഎൻ ഗാഡ്ഗിൽ ജ്വല്ലേഴ്‌സ്,പുസി ചന്ദ്ര,കിസ്‌ന തുടങ്ങിയ ബ്രാൻഡുകൾക്കാണ്് ഡിമാൻഡ് കൂടുതൽ.
Discussion about this post