തിരുവനന്തപുരം; നിയമസഭയിൽ ഇന്നുണ്ടായ പ്രതിപക്ഷ ബഹളത്തിനിടെ പ്രതിപക്ഷ നിരയിലേക്ക് രോക്ഷാകുലനായി നീങ്ങിയ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ മുഖ്യമന്ത്രി പിണറായി വിജയൻ തടയുന്ന വീഡിയോ വൈറലാവുന്നു. പ്രസംഗിക്കുന്നതിനിടെ തന്റെ സീറ്റിന് സമീപത്ത് കൂടെ പ്രതിപക്ഷനിരയിലേക്ക് കടക്കാൻ ശ്രമിക്കവെ ഇത് ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി, പ്രസംഗം നിർത്താതെ തന്ത്രപൂർവ്വം ശിവൻകുട്ടിയുടെ കൈ പിടിക്കുകയായിരുന്നു. താക്കീത് മനസിലാക്കിയെന്നോണം അനുസരണയോടെ ശിവൻകുട്ടി സ്വന്തം സീറ്റിലേക്ക് തിരികെ പോയി.
സ്പീക്കർ എഎൻ ഷംസീർ കാര്യോപദേശക സമിതിയുടെ 14-ാമത് റിപ്പോർട്ട് മേശപ്പുറത്തുവയ്ക്കാൻ മുഖ്യമന്ത്രിയെ ക്ഷണിച്ചപ്പോഴാണ് സംഭവം. റിപ്പോർട്ടിൽ ഭേദഗതി നിർദേശിച്ച് മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മന്ത്രി വി ശിവൻകുട്ടി മുഖ്യമന്ത്രിയുടെ ഇടതു വശത്തു കൂടി പ്രതിഷേധം നടക്കുന്ന ഭാഗത്തേക്കു നീങ്ങി. പ്രസംഗിക്കുന്നതിനിടെ ഇതു ശ്രദ്ധയിൽപെട്ട മുഖ്യമന്ത്രി പ്രസംഗം നിർത്താതെ തന്നെ ശിവൻകുട്ടിയുടെ കയ്യിൽ പിടിച്ച് പിന്നോട്ടു വലിക്കുകയായിരുന്നു. സൂചന മനസിലാക്കിയതോടെ ശിവൻകുട്ടി പിന്തിരിഞ്ഞു. മുഷ്ടി ചുരുട്ടി,കൈ തരിച്ചാണ് ശിവൻകുട്ടി പ്രതിപക്ഷ നിരയിലേക്ക് കടന്നത്.
നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനം പ്രതിപക്ഷ അംഗങ്ങൾ സമർപ്പിച്ച നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾ നക്ഷത്ര ചിഹ്നം ഇല്ലാത്ത ചോദ്യങ്ങളാക്കി മാറ്റിയതിന് പിന്നാലെയാണ് സഭയിൽ പ്രതിഷേധം ഉയർന്നത്. പിന്നാലെ സ്പീക്കർക്കെതിരെ പ്രധിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിലെത്തി. മുഖം മറച്ച് ബാനർ ഉയർത്തി.
Discussion about this post