തിരുവനന്തപും: റോക്കറ്റ് കുതിക്കുന്നത് പോലെ ദിനംപ്രതി ഉയരുകയാണ് സ്വർണവില. ഇടയ്ക്ക് വില താഴുന്നുണ്ടെങ്കിലും മൊത്തത്തിൽ ഉയർന്നു തന്നെയാണ് സ്വർണവില.കുറച്ചു ദിവസമായി സർവകാല റെക്കോർഡ് വിലയിലാണ് സ്വർണവ്യാപാരം നടക്കുന്നത്. നിലവിൽ ഒരു പവൻ സ്വർണത്തിന്റെ വില 56,800 രൂപയാണ്. ഭൗമരാഷ്ട്ര സംഘർഷങ്ങൾ, യുദ്ധം തുടങ്ങിയ സാഹചര്യങ്ങൾ, രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര പിരിമുറുക്കങ്ങൾ എന്നിവ സ്വർണവില ഉയരാൻ ഒരു കാരണമാണ്, ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 7,100 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,870 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 100 രൂപയാണ്.
നല്ല വില നൽകി വാങ്ങുന്നത് കൊണ്ട് തന്നെ സ്വർമം വാങ്ങുമ്പോൾ നല്ല ശ്രദ്ധവേണം.സ്വർണം വാങ്ങുമ്പോൾ അതിന്റെ പരിശുദ്ധി ഉറപ്പ് വരുത്തേണ്ടത് വളരെ പ്രധാനമാണ്. 24 കാരറ്റിലുള്ള സ്വർണമാണ് ഏറ്റവും ശുദ്ധമായ രൂപത്തിലുള്ളത്. കൊടുക്കുന്ന പൈസയ്ക്ക് ശുദ്ധമായ സ്വർണമാണോ ലഭിക്കുന്നതെന്ന് വാങ്ങുന്നവർ അറിഞ്ഞിരിക്കണം. സ്വർണത്തിന്റെ പരിശുദ്ധി അളക്കാൻ കാരറ്റ് നോക്കുന്നത് പോലെ സ്വർണത്തിന്റെ ഉറവിടം അതിന്റെ സമഗ്രതയും ധാർമ്മിക നിലയും വ്യക്തമാക്കുന്നു. നിങ്ങൾ വാങ്ങുന്ന സ്വർണം സംഘർഷ മേഖലകളിൽ നിന്നോ, നിയമവിരുദ്ധമായി ഖനനം ചെയ്‌തെടുത്തവ അല്ലെന്നും, ബാലവേല ഉൾപ്പെടുന്നില്ലെന്നും, എല്ലാ നികുതി ബാധ്യതകളും നിറവേറ്റിയിട്ടുണ്ടെന്നും ഉറപ്പാക്കണം.ഹാൾമാർക്കിംഗ് യുണീക്ക് ഐഡന്റിഫിക്കേഷനും (HUID) സ്വർണ്ണ ഉൽപ്പന്നങ്ങളിലെ മറ്റ് അടയാളപ്പെടുത്തലുകളും കേവലം ചിഹ്നങ്ങൾ മാത്രമല്ല. ഗുണനിലവാരത്തിന്റെയും ആധികാരികതയുടെയും ഉറപ്പുകളാണ് ഇവയൊക്കെ.
വില ഏറിയാലും കുറഞ്ഞാലും പല രൂപത്തിൽ സ്വർണത്തിൽ നിക്ഷേപിക്കാം
ഭൗതിക സ്വർണത്തിന് പകരമായി ഡിജിറ്റലായി സ്വർണം വാങ്ങുന്ന രീതിയാണ് ഡിജിറ്റൽ സ്വർണം. ഭൗതിക സ്വർണത്തിന്റെ അതേ വിലയ്ക്ക് ഉപഭോക്താക്കൾക്ക് ഡിജിറ്റൽ സ്വർണം വാങ്ങാൻ കഴിയും. 1 രൂപ മുതൽ ഡിജിറ്റൽ സ്വർണം വാങ്ങാൻ സാധിക്കും.
നിക്ഷേപകർക്ക് സ്വർണ്ണ ഇടിഎഫുകൾ അല്ലെങ്കിൽ സ്വർണ്ണ ബോണ്ടുകൾ വാങ്ങാം. ഭൗതിക സ്വർണത്തിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളാണ് ഗോൾഡ് ഇടിഎഫുകൾ. മറ്റേതൊരു സ്റ്റോക്കും പോലെ ഓഹരികൾ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ വാങ്ങുകയോ വിൽക്കുകയോ ചെയ്യാം. സർക്കാർ സ്വർണ്ണ ബോണ്ടുകൾ പുറപ്പെടുവിക്കുകയും നിക്ഷേപകർക്ക് കടലാസ് രൂപത്തിൽ സ്വർണ്ണത്തിൽ നിക്ഷേപിക്കാനുള്ള അവസരം നൽകുകയും ചെയ്യുന്നു.
നിർമാണ ചാർജുകളൊന്നുമില്ലാതെ സ്വർണം വാങ്ങാൻ കഴിയുന്നൊരു മാർഗമാണ് ഡിജിറ്റൽ സ്വർണം. നിലവിൽ എംഎംടിസി- പാംപ്(MMTC-PAMP) , സേഫ് ഗോൾഡ് (SafeGold), എന്നിവ പോലുള്ള നിരവധി കമ്പനികൾ വഴി ഡിജിറ്റൽ സ്വർണം വാങ്ങാൻ സാധിക്കും. 3 ശതമാനം ജിഎസ്ടി ഡിജിറ്റൽ സ്വർണം വാങ്ങുന്നയാൽ നൽകണം.
ഭൗതിക സ്വർണമായി നിക്ഷേപിക്കാൻ സ്വർണ നാണയങ്ങൾ ഒരുവഴിയാണ്. ജുവലറികൾ, ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ, ഇ-കൊമേഴ്സ് വെബ്സൈറ്റുകൾ എന്നിങ്ങനെ സ്വർണ നാണയങ്ങൾ വാങ്ങാം
Discussion about this post