സാങ്കേതിക വിദ്യ വളർന്നതോടെ എന്തൊക്കെ മാറ്റങ്ങളാണ് നമുക്ക് സംഭവിച്ചിരിക്കുന്നത്. അധികം പണമൊന്നും ആരും പേഴ്‌സിൽ കൊണ്ട് നടക്കാതെയായി.കത്തില്ലാതെയായി, ഒറ്റ ക്ലിക്കിൽ വിരൽതുമ്പിൽ പലകാര്യങ്ങളും നടക്കുന്നു. എന്തിന് നമ്മുടെയൊക്കെ ഷോപ്പിംഗ് പോലും നടക്കുന്നു. ഓൺലൈൻ ഷോപ്പിംഗ് ഇന്ന് എല്ലാവർക്കുമിടയിലുള്ള ഷോപ്പിംഗ് രീതി തന്നെയായി മാറിയിരിക്കുന്നു. പ്രായഭേദമന്യേ, ഇഷ്ടപ്പെട്ട സാധനങ്ങൾ കടയിൽ പോലും പോകാതെ നോക്കി വാങ്ങാവുന്ന സൗകര്യം എല്ലാവർക്കും ഇഷ്ടപ്പെട്ടു.
ഉപ്പ് തൊട്ട് കർപ്പൂരം വരെ ഓൺലൈനിൽ ലഭിക്കുന്ന ഭീമൻകടയാണ് ആമസോൺ. എന്തിനും ഏതിനും ഓഫറാണിവരുടെ മുഖ്യ ആകർഷണം. 90 ശതമാനം വരെ ഓഫർ നൽകി ആളുകളെ ആകർഷിച്ചുകളയും ഇവർ ചിലപ്പോൾ. എന്നാൽ പലപ്പോഴും ചിലർക്ക് അബദ്ധം പറ്റുന്നു. നല്ല ഉത്പന്നമെന്ന് കരുതി വാങ്ങുന്നത് ഒട്ടും ക്വാളിറ്റി ഇല്ലാത്തതോ അല്ലെങ്കിൽ വ്യാജ ഉത്പന്നമോ ആയി മാറുന്നു. എങ്ങനെയാണ് ഇത് സംഭവിക്കുന്നത്.?
ആമസോൺ ഒറ്റയ്ക്ക് ഒരു കടനടത്തുകയല്ല,മറിച്ച് അനേകായിരം കടക്കാർ ഒറ്റ കുടക്കീഴിൽ എന്നതാണ് ആമസോണിന്റെ ആശയം. അത് കൊണ്ട് തന്നെ ആമസോണിലായാലും ഫ്‌ളിപ്കാർട്ടിലായാലും വ്യാജന്മാർ ഉണ്ടാകും. വ്യാജന്മാരെ തിരിച്ചറിഞ്ഞ് സാധനങ്ങൾ വാങ്ങാൻ ശ്രമിക്കുക എന്നതാണ് ആദ്യത്തെ കാര്യം? എങ്ങനെയാണ് വ്യാജന്മാരെ തിരിച്ചറിയുക? ആമസോണിലും ഫ്‌ളിപ്കാർട്ടിലെയും റിവ്യൂകൾ പരിശോധിക്കാൻ നിർദ്ദേശിക്കുകയാണെങ്കിൽ പല കമ്പനികളും പണം നൽകി ആളുകളെ കൊണ്ട് ഫേക്ക് റിവ്യൂ നൽകിപ്പിക്കാറുണ്ട്, ഫേക്ക് റേറ്റിംഗ് ഏതാ യഥാർത്ഥ റേറ്റിംഗ് ഏതാണെന്ന് മനസിലാക്കാൻ സാധിക്കില്ല.
ചില ടിപ്പുകൾ മനസിൽ വച്ചാൽ അബദ്ധത്തിൽ ചെന്നുചാടാതെ നോക്കാം. മിക്ക വ്യാജ റിവ്യൂകളും താങ്ങാനാവുന്ന വിലയും അറിയപ്പെടാത്ത ബ്രാൻഡുകളുടെ പ്രോഡക്റ്റും ആയിരിക്കും. അത്തരം പ്രൊഡക്ടുകളുടെ റിവ്യൂകൾ ആമസോണിൽ മാത്രമേ ഉണ്ടാകൂ. ഇത്തരം ബ്രാൻഡുകളുടെ റിവ്യൂകൾ മറ്റ് ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ കാണുവാൻ സാധിക്കുന്നില്ലെങ്കിൽ അത്തരം പ്രൊഡക്ടുകൾ ഒഴിവാക്കുന്നതാണ് നല്ലത്.
വളരെ ഉയർന്ന ശതമാനം 5 സ്റ്റാർ റേറ്റിങ്, പരിധിയിൽ കൂടുതൽ പ്രൊഡക്ടിനെ പ്രശംസിക്കുക, വിശദാംശങ്ങളുടെ അഭാവം, മത്സരിക്കുന്ന ഉൽപ്പന്നങ്ങളുടെ പരാമർശങ്ങൾ, ഒരേ തീയതികളിൽ ഒന്നിലധികം റിവ്യൂകൾ, Customers also bought എന്ന സെക്ഷനിൽ പ്രൊഡക്ടുമായി ബന്ധമില്ലാത്ത മറ്റ് ഉത്പന്നങ്ങൾ എന്നിവയെല്ലാം അത് ഫേക്ക് റിവ്യൂകൾ ആണെന്ന് ഉറപ്പിക്കാൻ സഹായിക്കുന്ന ഘടകങ്ങളാണ്. റിവ്യൂകളിൽ കാണുന്ന കുറച്ച് ചിത്രങ്ങളെ ആശ്രയിക്കുന്നതിന് പകരം ഒരു ഉൽപ്പന്നത്തെ അടുത്തറിയാൻ റിവ്യൂ വെബ്സൈറ്റുകളും യൂട്യൂബ് വീഡിയോകളും ഉപയോഗപ്രദമാകും. ബ്രാൻഡ് ഓൺലൈനിൽ നോക്കുക. കമ്പനിക്ക് ഔദ്യോഗിക വെബ്‌സൈറ്റ് ഇല്ലെങ്കിൽ, അത് ഒരു മുന്നറിയിപ്പ് അടയാളമായി എടുക്കുക. പ്രൊഡക്ടിന്റെ പേരിലുള്ള സോഷ്യൽ മീഡിയ പേജുകൾ കണ്ടെത്താൻ കഴിയുമോ എന്ന് നോക്കുക. ആ പേജുകളിൽ അവരും അവരെ ഫോളോ ചെയ്യുന്നവരും എന്താണ് പോസ്റ്റ് ചെയ്യുന്നതെന്ന് പരിശോധിക്കുക.
ഇനി ഇതിനും ബുദ്ധിമുട്ടാണെങ്കിൽ Fakespot എന്ന ടൂൾ ക്രോം എക്‌സ്റ്റെൻഷനായും മൊബൈൽ ആപ്പ് ആയും ഉപയോഗിക്കാനാകും. നിങ്ങൾ തിരഞ്ഞെടുക്കുന്ന പ്രൊഡക്ടിന്റെ വില്പനക്കാരന്റെ സെല്ലർ ഹിസ്റ്ററിയും നിയമാനുസൃതമായ റിവ്യൂകളും മാത്രം കാണിക്കുന്ന ടൂൾ ആണ് ഇത്. Review Meta എന്ന മറ്റൊരു ടൂളും ഫേക്ക് റിവ്യൂകൾ അറിയാൻ സഹായകമാകും. നിങ്ങൾക്ക് റിവ്യൂ അറിയേണ്ട പ്രൊഡക്ടിന്റെ URL പേസ്റ്റ് ചെയ്താൽ ഫേക്ക് റിവ്യൂകൾ ഫിൽട്ടർ ചെയ്ത് റിയൽ റിവ്യൂകൾ നൽകുന്നതാണ്.
Discussion about this post