വിശപ്പ്… മനുഷ്യന് നിയന്ത്രിക്കാനാവാത്ത വികാരങ്ങളിലൊന്ന്. വിശന്നാൽ മൂക്കുമുട്ടെ ഭക്ഷണം കഴിച്ചാലേ സമാധാനമുണ്ടാവുകയുള്ളൂ. പലരുടെയും ദഹനവ്യവസ്ഥ വ്യത്യസ്ഥമായതിനാൽ വിശപ്പിന്റെ കാര്യത്തിലും പ്രതിഫലനുണ്ടാകും. വിശപ്പിനെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ സൂര്യപ്രകാശവും ഉണ്ടെന്നറിയുമോ? എന്തൊരു മണ്ടത്തരം എന്ന് പറഞ്ഞ് തള്ളാൻ വരട്ടെ. സംഗതി സത്യമാണ്. പണ്ടേയ്ക്ക് പണ്ടേ നമുക്കിടയിലെ ബുദ്ധിരാക്ഷസൻമാരായ ശാസ്ത്രജ്ഞർ കണ്ടുപിടിച്ച കാര്യമാണിത്. സൂര്യപ്രകാശം വിശപ്പ് ത്വരിതപ്പെടുത്തുന്നത് പക്ഷേ പുരുഷന്മാരിലാണെന്ന് മാത്രം. പുരുഷൻമാരിൽ വിശപ്പ് വർധിപ്പിക്കുന്ന ഹോർമോണിന്റെ അളവ് വർധിപ്പിക്കാൻ സൂര്യരശ്മികൾക്ക് സാധിക്കുമെന്നുമാണ് കണ്ടെത്തിയിട്ടുള്ളത്.
ടെൽ അവീവ് സർവകലാശാലയിലെ ഹ്യൂമൻ ജനറ്റിക്‌സ് ആൻഡ് ബയോകെമിസ്ട്രി വകുപ്പിലെ ഗവേഷകരുടെ സംഘമാണ് പഠനത്തിന് നേതൃത്വം നൽകിയത്. സൂര്യപ്രകാശത്തിൻറെ അൾട്രാവയലറ്റ് രശ്മികൾക്ക് സൃഷ്ടിക്കാൻ കഴിയുന്ന നിർദ്ദിഷ്ട മാറ്റങ്ങളെക്കുറിച്ചുള്ള പഠനത്തിൽ ഗവേഷണ സംഘം ശ്രദ്ധ കേന്ദ്രീകരിച്ചു. സൂര്യരശ്മികൾക്ക് പുരുഷൻമാരിൽ ശാരീരികമായി സങ്കീർണ്ണമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് അവർ കണ്ടെത്തി.
3,000 പേരിലാണ് പഠനം നടത്തിയത്. സൂര്യപ്രകാശം കൂടുതലായി ഏറ്റ പുരുഷന്മാരുടെ കലോറി ഇൻടേക്ക് 300 കലോറിയായി വർധിച്ചുവെന്നും സ്ത്രീകളുടേതിൽ മാറ്റമൊന്നും കണ്ടെത്തിയില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
പഠനത്തിൽ പങ്കെടുത്തവർ സ്ലീവ്‌ലസ് ഷർട്ടും ഷോർട്ട്‌സുമാണ് ധരിച്ചിരുന്നത്. പഠനത്തിൽ സൂര്യപ്രകാശം പുരുഷന്മാരിൽ ഗ്രെലിൻ എന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്നതിന് കാരണമാകുമെന്ന് കണ്ടെത്തി.സ്ത്രീകളിൽ സൂര്യപ്രകാശം ഈ ഹോർമോൺ ഉത്പാദിപ്പിക്കുന്നതായി കണ്ടെത്തിയിട്ടില്ല. ഗ്രെലിന്റെ സാന്നിധ്യമാണ് വിശക്കാൻ കാരണം.
സൂര്യപ്രകാശം കൂടുതലായി ഏൽക്കുന്നതുമൂലം ത്വക്കിലെ കോശങ്ങളിലെ ഡിഎൻഎയ്ക്ക് തകരാറ് സംഭവിക്കുന്നതിനെ തുടർന്നാണ് ഗ്രെലിന്റെ ഉത്പാദനം വർധിക്കുന്നതെന്നാണ് നിഗമനം. സ്ത്രീകളിൽ ഈസ്ട്രജൻ ഹോർമോണിന്റെ സാന്നിധ്യം ഇത് തടയുന്നു
Discussion about this post