തിരുവനന്തപുരം: ലൈംഗിക അതിക്രമ കേസിൽ നടൻ ജയസൂര്യ ചോദ്യം ചെയ്യലിന് ഹാജരായി. ഇന്ന് രാവിലെ 11 മണിക്കാണ് നടൻ പോലീസ് സ്‌റ്റേഷനിലെത്തിയത്. സെക്രട്ടേറിയറ്റിൽ വച്ചുള്ള സിനിമാ ചിത്രീകരണത്തിനിടെ ലൈംഗിക അതിക്രമം നടത്തിയെന്ന യുവതിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ജയസൂര്യ ചോദ്യം ചെയ്യലിനായി എത്തിയത്.
ആലുവ സ്വദേശിയാണ് ജയസൂര്യക്കെതിരെ പരാതി നൽകിയത്. 2008ലാണ് സംഭവം നടന്നതെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. രണ്ട് മാസം മുമ്പാണ് യുവതി പരാതി നൽകിയത്. ദേ ഇങ്ങോട്ട് നോക്ക്യേ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ലൈംഗിക അതിക്രമം നേരിട്ടതെന്നാണ് യുവതി പറയുന്നത്. ഷൂട്ടിംഗിനിടെ ശുചിമുറിയിൽ നിന്ന് വന്ന തന്നെ പിറകിൽ നിന്നും കടന്ന് പിടിക്കുകയയിരുന്നു. വൈകീട്ട് ഫ്‌ളാറ്റിലേക്ക് വരണമെന്നും നടൻ തന്നോട് പറഞ്ഞുവെന്നും യുവതി പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ പരാതിയിൽ പറയുന്നു.
യുവതിയുടെ ആരോപണം നിഷേധിച്ച് ജയസൂര്യ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചിരുന്നുവെങ്കിലും ജാമ്യത്തിന്റെ ആവശ്യമില്ലെന്നും സ്‌റ്റേഷൻ ജാമ്യം ലഭിക്കുന്ന കുറ്റമാണെന്നും ആയിരുന്നു പ്രോസിക്യൂഷന്റെ നിലപാട്.
Discussion about this post