മീൻ വാങ്ങാത്ത വീടുകൾ കുറവായിരിക്കും. ചില വീടുകളിലാവട്ടെ, മീൻ വാങ്ങാത്ത ഒരു ദിവസം പോലും ഉണ്ടാവില്ല. ഒരു തുള്ളി മീൻ ചാറെങ്കിലും ഇല്ലാതെ ചോറ് ഇറങ്ങാത്ത ഒരുപാട് ആളുകൾ നമുക്ക് ചുറ്റുമുണ്ട്. മലയാളികളുടെ കാര്യത്തിൽ ഇൗ നിർബന്ധം അൽപ്പം കൂടുതലാണ്. ഇങ്ങനെ മീൻ ഇല്ലാതെ പറ്റില്ലെന്ന് കരുതുന്ന വീടുകളിൽ, ഇവ വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണ് പൊതുവെ പതിവ്. എന്നാൽ, മീൻ വാങ്ങുമ്പോഴും ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്.
മീൻ ഫ്രിഡ്ജിൽ എങ്ങനെ, എത്രകാലം സൂക്ഷിക്കാം എന്നതിനെ കുറിച്ച് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (എഫ്ഡിഎ) പറയുന്നത് ഇപ്രകാരമാണ്.
ഫ്രഷ് ആയിട്ടുള്ള മത്സ്യം ഒന്ന് മുതൽ രണ്ട് ദിവസം വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ കഴിയുമെന്ന് എഫ്ഡിഎ പറയുന്നു. എന്നാൽ, ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിനും കൃത്യമായ രീതികളുണ്ട്. പ്ലാസ്റ്റിക് റാപ്പിലോ അലുമിനയം ഫോയിലിലോ പൊതിഞ്ഞ് വായു കടക്കാത്ത രീതിയിൽ പാത്രത്തിലാക്കി വേണം മീൻ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ. ബാക്ടീരിയയുടെ വളർച്ച കുറക്കാൻ ഫ്രിഡ്ജിലെ താപനില 4 ഡിഗ്രി സെൽഷ്യസിൽ താഴെയാണെന്ന് ഉറപ്പു വരുത്തണം. ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് പുതിയ മത്സ്യമാണെന്ന് ഉറപ്പുവരുത്തുകയും വേണം.
മത്സ്യം കൂടുതൽ ദിവസം സൂക്ഷിക്കണമെങ്കിലുള്ള മികച്ച മാർഗമാണ് ഫ്രീസറിൽ വക്കുക എന്നത്. ഇങ്ങനെ ഫ്രീസറിൽ വക്കുമ്പോൾ ഓരോ മീനിനും വ്യത്യസ്തമായ കാലയളവുണ്ടെന്ന് എഫ്ഡിഎ പറയുന്നു. എഫ്ഡിഎ പറയുന്നതനുസരിച്ച്, ചാള, തിലാപ്പിയ എന്നിങ്ങനെയുള്ള മീനുകൾ ആറ് മുതൽ എട്ട് മാസം വരെ ഫ്രീസറിൽ സൂക്ഷിക്കാനാവും. എന്നാൽ, സാൽമൺ, അയല, ട്രൗട്ട് എന്നിങ്ങനെയുള്ള കൊഴുപ്പ് കൂടിയ മത്സ്യങ്ങളാണെങ്കിൽ, രണ്ട് മുതൽ മൂന്ന് മാസങ്ങൾ വരെ മാത്രമേ ഫ്രീസറിൽ സൂക്ഷിക്കാവൂ. ഏത് മത്സ്യം സൂക്ഷിക്കുമ്പോഴും ഫ്രീസറിലെ താപനില -18 ഡിഗ്രി സെൽഷ്യസിൽ താഴെയാണെന്ന് ഉറപ്പ് വരുത്തണം.
മത്സ്യം വാങ്ങിയാൽ അപ്പോൾ തന്നെ ഫ്രീസറിൽ വക്കണം. വായു കടക്കാത്ത വിധം മീൻ സൂക്ഷിക്കുന്നത് ഇതിന്റെ ഘടനയും രുചിയും സംരക്ഷിക്കാൻ സഹായിക്കുന്നു. മത്സ്യം സൂക്ഷിക്കുന്ന കവറിൽ തീയതി എഴുതുന്നത് ഇതിന്റെ കാലാവധി ട്രാക്ക് ചെയ്യാൻ സഹായിക്കും.
Discussion about this post