പത്തനംതിട്ട: പൊതുമദ്ധ്യത്തിൽ അപമാനിതനായതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത സഹപ്രവർത്തകനെ ഓർത്ത് കരച്ചിലടക്കാനാവാതെ ദിവ്യ എസ് അയ്യർ ഐഎഎസ്. പത്തനംതിട്ട കളക്ടറേറ്റിലെത്തിച്ച എഡിഎം നവീൻ ബാബുവിന്റെ ഭൗതികശരീരത്തിന് മുമ്പിൽ നിന്ന് ദുഃഖം സഹിക്കാനാവാതെ ദിവ്യ ഉൾപ്പെടെയുള്ള സഹപ്രവർത്തകർ പൊട്ടിക്കരഞ്ഞു. അദ്ദേഹം ഒരു പാവത്താവനായിരുന്നുവെന്നും ഇനിയില്ലെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അവർ പറഞ്ഞു.
ഒരു കുടുംബമായാണ് ഞങ്ങൾ പ്രവർത്തിച്ചത്. പത്തനംതിട്ടയിലെ ഒരുപാട് കാതലായ പ്രതിസന്ധികളെല്ലാം ഞങ്ങൾ ഒരുമിച്ചാണ് തരണം ചെയ്തിട്ടുള്ളത്. ഒറ്റക്കെട്ടായി ഒരു കുടുംബമായി നിന്നിട്ടുള്ളവരാ. നമ്മൾ ഒരു വീട്ടിൽ ഒരുമിച്ചിരുന്ന് കാര്യങ്ങൾ ചെയ്യുന്ന പോലെ ചെയ്തിട്ടുള്ള കാര്യങ്ങളാ ഓർമയിൽ വരുന്നത്. രാവും പകലും ഒരുമിച്ചു പ്രവർത്തിച്ചിട്ടുള്ളവരാ. ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ല. ഞങ്ങളോടൊപ്പം നിർലോഭം നിന്നിട്ടുള്ള ആളാ.. ഒരു പാവത്താനാ.. ഞങ്ങളറിഞ്ഞ മനുഷ്യനെ കുറിച്ച് ഞങ്ങൾക്കറിയാം.
റാന്നി തഹസിൽദാർ എന്ന നിലയിൽ പ്രളയ സമയത്തും ശബരിമലസമയത്തും എല്ലാം ഞങ്ങളോടൊപ്പം ചേർന്ന് നിർലോഭം പ്രവർത്തിച്ചിട്ടുണ്ട്. ഒരാളെ പോലും കുത്തിനോവിക്കാൻ കഴിയാത്ത, ആരോടും മുഖം കറുപ്പിക്കാനാവാത്ത ഒരു നവീനെ ആണ് ഞങ്ങളെല്ലാം ഇതുവരെ കണ്ടിട്ടുള്ളത്. എപ്പോഴും ഒരു മന്ദസ്മിതം മാത്രമേ മുഖത്ത് ഉണ്ടാവാറുള്ളൂ.
അവസാനായിട്ട് ഞാൻ നവീനെ കാണുന്നതും ഇവിടെ വച്ചാ.. ഡെപ്യൂട്ടി കളക്ടറായി പ്രൊമോഷൻ കിട്ടി, ഞാൻ കാസർകോട്ടിലോട്ട് പോവാണ് എന്നും പറഞ്ഞ് എന്റെ ചേംബറിൽ എന്നെ കാണാൻ വന്നിരുന്നു. അന്ന് ഭയങ്കര സന്തോഷത്തിലായിരുന്നു. മാഡത്തിന്റെ കൂടെ വർക്ക് ചെയ്യാൻ പറ്റിയതിൽ ഒരുപാട് സന്തോഷമുണ്ടെന്നെല്ലാം പറഞ്ഞ് എന്റെ കൂടെ ഫോട്ടോ എടുത്തിട്ടൊക്കെയാ പോയത്. പിന്നെ കണ്ടിട്ടില്ല. ഇവിടെ വച്ച് തന്നെ വീണ്ടും ഇങ്ങനെ കാണാൻ കഴിയുമെന്ന് ഞാൻ കരുതിയില്ല’- കണ്ഠമിടറിക്കൊണ്ട് ദിവ്യ എസ് അയ്യർ പറഞ്ഞു മുഴുമിപ്പിച്ചു.
Discussion about this post