ലിഫ്റ്റില്ലാത്ത കെട്ടിടങ്ങൾ നമുക്ക് ചുറ്റും ഉണ്ടാവുകയില്ല. മൂന്ന് നില മാത്രമുള്ള കെട്ടിടങ്ങളിൽ പോലും ലിഫ്റ്റ് വക്കാറുണ്ട്. പടിക്കെട്ടുകൾ കയറി ബുദ്ധിമുട്ടാൻ തീരെ താത്പര്യമില്ലാത്ത നമ്മളെല്ലാം പ്രധാനമായും ആശ്രയിക്കുന്നത് ലിഫ്റ്റിനെയാണ്.
ലിഫ്റ്റിൽ കയറിയാൽ ആദ്യം നമ്മുടെയെല്ലാം ശ്രദ്ധയിൽ പെടുന്നത് അതിലെ കണ്ണാടികളിലാണ്. ചില ലിഫ്റ്റുകളിൽ ഒരു കണ്ണാടിയാണ് ഉണ്ടാവാറുള്ളതെങ്കിൽ ചില ലിഫ്റ്റുകൾ പ്രതലം മുഴുവൻ കണ്ണാടി സെറ്റ് ചെയ്തവയായിരിക്കും. ഈ കണ്ണാടിയിൽ നോക്കി മേക്ക് അപ്പ് ചെയ്യാനും മുടിയൊതുക്കാനും ഡ്രസ് ശരിയാക്കാനുമെല്ലാം നമുക്ക് വലിയ ഇഷ്ടമാണ്.
എന്നാൽ, വെറുതെ മുഖം നോക്കാനും ഫോട്ടോ എടുക്കാനും ഭംഗിക്കും മാത്രമായിട്ടല്ല ലിഫ്റ്റിൽ കണ്ണാടി വക്കുന്നത്. മറ്റ് നിരവധി ഗുണങ്ങളും ലിഫ്റ്റിലെ ഈ കണ്ണാടിക്കുണ്ട്. എന്താണെന്നല്ലേ..
അടുത്തിടെ, ജപ്പാനിലെ എലിവേറ്റർ അസോസിയേഷൻ എല്ലാ ലിഫ്റ്റിലും കണ്ണാടി സ്ഥാപിക്കുന്നത് നിർബന്ധമാക്കി നിർദേശം പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ഇത് അലങ്കാരത്തിനല്ല, മറിച്ച് ലിഫ്റ്റ് ഉപയോഗിക്കുന്നവരുടെ മാനസീക സന്തോഷത്തിനാണെന്ന് എലിവേറ്റർ അസോസിയേഷൻ വ്യക്തമാക്കുന്നു. ലിഫ്റ്റിൽ കണ്ണാടി വക്കുന്നത് അതുപയോഗിക്കുന്ന ആളുകളുടെ മാനസീകാരോഗ്യത്തെ ബാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
മനുഷ്യരിൽ ഉണ്ടാകുന്ന ക്ലോസ്‌ട്രോഫോബിക് എന്ന മാനസീകാവസ്ഥക്ക് ലിഫ്റ്റിലെ കണ്ണാടി ഒരു പരിഹാരമാണെന്നാണ് പഠനങ്ങൾ പറയുന്നത്. ഇടുങ്ങിയതും അടഞ്ഞതുമായ സ്ഥലങ്ങളോട് മനുഷ്യന് തോന്നുന്ന ഭയത്തിനെയാണ് ക്ലോസ്‌ട്രോഫോബിക് എന്ന് പറയുന്നത്. ഈ രോഗാവസ്ഥയുള്ളവർക്ക് ലിഫ്റ്റിൽ കയറുമ്പോൾ പെട്ടെന്ന് ഉത്കണ്ഠയും ഭയവും ശ്വാസതടസവും പോലെയുള്ള അസ്്വസ്ഥതകൾ ഉണ്ടാകുന്നു. ഇത്തരക്കാർക്ക് പൾസ് പെട്ടെന്ന് കുറയുക, ഹൃദയമിടിപ്പ് കൂടുക, എന്നീ അവസ്ഥയിലേക്ക് എത്തുന്നു. ഇത് ചിലപ്പോൾ, ഹൃദയാഘാതത്തിലേക്കും മരണത്തിലേക്കും വരെ എത്തിപ്പെടാൻ കാരണമായേക്കാം.
ലിഫ്റ്റിനുള്ളിൽ ഇത്തരം സാഹചര്യങ്ങൾക്ക് തടയിടാൻ കണ്ണാടിക്ക് ഒരു പരിധി വരെ സാധിക്കും. ചെറിയ സ്ഥലങ്ങളെ പോലും കണ്ണാടി വിശാലമാക്കി തോന്നിപ്പിച്ചേക്കാം. അതിനാൽ തന്നെ ഇടുങ്ങിയ സ്ഥലത്താണ് നാം നിൽക്കുന്നതെന്ന തോന്നൽ നമ്മളിൽ നിന്നും മാറി നിൽക്കും. നമ്മളെ തന്നെ നോക്കി നിൽക്കുന്നതിന്റെ തിരക്കിൽ മറ്റ് അസ്വസ്ഥതകളും നാം മറന്നേക്കാം..
ലിഫ്റ്റിൽ നടക്കുന്ന കുറ്റകൃത്യങ്ങളെ ഒരു പരിധി വരെ തടയാനും ലിഫ്റ്റിലെ കണ്ണാടി സഹായിക്കും. അടുത്ത് നിൽക്കുന്ന ആളോ പുറകിൽ നിൽക്കുന്ന ആളോ എന്താണ് ചെയ്യുന്നതെന്ന് കണ്ണാടിയിലൂടെ കാണാനാവും. അതിനനുസരിച്ച് വേണ്ട നടപടികൾ എടുക്കാനും നമുക്ക് കഴിയും.
Discussion about this post