പത്തനംതിട്ട: യാത്രാ അയപ്പ് ചടങ്ങിൽ അപമാനിതനായതിന് പിന്നാലെ ജീവനൊടുക്കിയ എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തോട് മാപ്പ് പറഞ്ഞ് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ. കുടുംബത്തിന് നൽകിയ കത്തിലാണ് കളക്ടറുടെ മാപ്പ് അപേക്ഷ. ഉണ്ടായ സംഭവവികാസങ്ങളിൽ ഖേദിയ്ക്കുന്നുവെന്നാണ് അരുൺ കെ വിജയന്റെ കത്തിൽ പറയുന്നത്.
ഇന്ന് രാവിലെയാണ് കത്ത് കുടുംബത്തിന് നൽകിയത്. പത്തനംതിട്ട സബ് കളക്ടർ മുഖാന്തിരം ആയിരുന്നു കത്ത് നൽകിയത്. മുദ്രവച്ച കവറിൽ ആയിരുന്ന കത്ത് സബ് കളക്ടർ നവീൻ ബാബുവിന്റെ ഭാര്യയ്ക്ക് ആണ് നൽകിയത്. യാത്ര അയപ്പ് ചടങ്ങിന് ശേഷം നവീൻ ബാബുവിനോട് സംസാരിച്ചിരുന്നുവെന്നും കത്തിൽ കളക്ടർ പറയുന്നുണ്ട്. നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ കളക്ടർക്കെതിരെ ശക്തമായ വിമർശനം ആണ് ഉയരുന്നത്. ഇതിനിടെയാണ് കുടുംബത്തിന് കത്ത് കൈമാറിയത്.
കഴിഞ്ഞ ദിവസം നവീനിന്റെ മൃതദേഹത്തെ കണ്ണൂർ കളക്ടർ അനുഗമിച്ചിരുന്നു. എന്നാൽ കുടുംബത്തെ കാണാതെ സംസ്‌കാര ചടങ്ങുകൾക്ക് ശേഷം കണ്ണൂരിലേക്ക് മടങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം തയ്യാറാക്കിയ കത്താണ് ഇന്ന് കൈമാറിയിരിക്കുന്നത് എന്നാണ് സൂചന.
അതേസമയം ഇന്ന് അരുൺ കെ വിജയൻ കണ്ണൂരിലെ ഔദ്യോഗിക വസതിയിൽ തന്നെ തുടരുകയാണ്. പ്രതിഷേധം ഭയന്നാണ് അദ്ദേഹം ഓഫീസിൽ എത്താതെ ഇവിടെ തുടരുന്നത് എന്നാണ് സൂചന.
Discussion about this post