എറണാകുളം: രാമനും കദീജയും ചിത്രത്തിന്റെ സംവിധായകൻ ദിനേശൻ പൂച്ചക്കാടിന് വധഭീഷണി. സംഭവത്തിൽ സംവിധായകൻ പോലീസിൽ പരാതി നൽകി. രാമനും കദീജയും റിലീസ് ചെയ്യാൻ ദിവസങ്ങൾ ബാക്കി നിൽക്കേയാണ് സംവിധായകന് നേരെ ഭീഷണിയുണ്ടാകുന്നത്. പരാതിയിൽ പോലീസ് കേസ് എടുത്തു.
ഊമക്കത്തായും അജ്ഞാത ഫോൺ സന്ദേശവുമായാണ് അദ്ദേഹത്തിന് ഭീഷണി ലഭിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ അദ്ദേഹത്തിന്റെ വീടിന് മുൻപിൽ ആരോ ഭീഷണിക്കത്ത് കൊണ്ടിട്ടിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തിന് നിരന്തരം ഭീഷണി സന്ദേശങ്ങൾ ലഭിക്കുകയായിരുന്നു. കൊലപ്പെടുത്തുമെന്ന്. ധ്വനിയുള്ള കത്ത് ആയിരുന്നു ലഭിച്ചത്. ഇത് നിന്റെ അവസാന സിനിമയായിരിക്കും എന്ന് കത്തിൽ പറയുന്നുണ്ട്.
വാട്‌സ് ആപ്പ് കോളിലൂടെയും അദ്ദേഹത്തിന് ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. ഇത് തുടർന്നതോടെ അദ്ദേഹം പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. ബേക്കൽ പോലീസിലാണ് അദ്ദേഹം പരാതി നൽകിയത്. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വീട്ടിൽ കത്ത് കൊണ്ടിട്ടത് സംബന്ധിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. ഇതിന്റെ ഭാഗമായി വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്.
Discussion about this post