സെപ്റ്റംബർ മാസത്തിൽ ഇന്ത്യൻ സിനിമാരംഗം മികച്ച നേട്ടമാണ് കൈവരിച്ചതെന്ന് റിപ്പോർട്ട്. ഒരൊറ്റ മാസം കൊണ്ട് 1066 കോടി രൂപയുടെ കളക്ഷൻ ആണ് ഇന്ത്യൻ സിനിമയ്ക്ക് ലഭിച്ചത്. ബോളിവുഡിൽ നിന്നും സൂപ്പർതാര ചിത്രങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെങ്കിലും ചില അപ്രതീക്ഷിത വിജയങ്ങൾ ഇന്ത്യൻ സിനിമയ്ക്ക് നേട്ടമായി. തെന്നിന്ത്യൻ സിനിമ സെപ്റ്റംബർ മാസത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലും ദക്ഷിണേന്ത്യൻ ചിത്രങ്ങളാണ് ഉള്ളത്.
മലയാള സിനിമയ്ക്കും പുത്തൻ ഉണർവ് ലഭിച്ച മാസമായിരുന്നു സെപ്റ്റംബർ. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ റെക്കോർഡ് നേടിയ ചിത്രങ്ങളിൽ ആദ്യ അഞ്ചിൽ തന്നെ ഇടം പിടിക്കാൻ മലയാള സിനിമയ്ക്കായി. രണ്ടു മലയാള ചിത്രങ്ങളാണ് ആദ്യ അഞ്ചിനുള്ളിൽ ഇടം പിടിച്ചത് എന്നുള്ളത് ഏറെ ശ്രദ്ധേയമാണ്. ടോവിനോ ചിത്രം അജയന്റെ രണ്ടാം മോഷണവും ആസിഫ് അലി ചിത്രം കിഷ്കിന്ധ കാണ്ഡവും ആണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സെപ്റ്റംബർ മാസത്തിലെ ചിത്രങ്ങളിൽ മൂന്നും നാലും സ്ഥാനത്തുള്ളത്.
പാന്‍ ഇന്ത്യന്‍ ചിത്രമായി റിലീസ് ചെയ്ത തെലുങ്ക് ചിത്രം ദേവര ആണ് സെപ്റ്റംബർ മാസത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമ. ഇന്ത്യയിൽ നിന്ന് മാത്രം 337 കോടിയാണ് ചിത്രം നേടിയത്. രണ്ടാം സ്ഥാനത്ത് വിജയ് നായകനായ ഗോട്ട് ആണ്. 293 കോടിയാണ് ചിത്രത്തിന്‍റെ ഇന്ത്യന്‍ കളക്ഷന്‍. മൂന്നാം സ്ഥാനത്തുള്ളത് അജയന്‍റെ രണ്ടാം മോഷണമാണ്. 76 കോടിയാണ് ചിത്രത്തിന്‍റെ ഇന്ത്യന്‍ കളക്ഷന്‍. നാലാം സ്ഥാനത്തുള്ള കിഷ്‍കിന്ധാ കാണ്ഡം 49 കോടിയാണ് നേടിയത്. മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ ആണ് സെപ്റ്റംബർ മാസത്തെ ഇന്ത്യൻ സിനിമയുടെ കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവിട്ടിരിക്കുന്നത്.
Discussion about this post