മനോഹരമായ ചുവന്നുതുടുത്ത അധരങ്ങൾ എല്ലാവരെയും ആകർഷിക്കുന്ന ഒന്നാണ്. തത്തമ്മ ചുണ്ട് പക്ഷേ എല്ലാവർക്കും ലഭിക്കണമെന്നില്ല. ലിപ്സ്റ്റിക്ക് ട്രെൻഡായതോടെ ഒരുപരിധിവരെ ആ ആഗ്രഹം സഫലമായിക്കിട്ടി. എന്നാൽ പ്രകൃതിദത്തമായി ചുണ്ടിന് അൽപ്പം നിറം വേണമെന്ന് ആഗ്രഹമുള്ളവർ എന്ത് ചെയ്യും? അതിനല്ലേ നമ്മുടെ അടുക്കള ചേരുവകൾ നമ്മളെ കാത്തിരിക്കുന്നത്.
പ്രകൃതിദത്തമായ ഒരു ലിപ്സ്റ്റിക് ആണ് ബീറ്റ്‌റൂട്ട്. ഇത് ചെറിയ കഷ്ണം മുറിച്ച് ഫ്രിഡ്ജിൽ വയ്ക്കുക. നന്നായി തണുത്തുകഴിഞ്ഞാൽ വെറുതെ ചുണ്ടിൽ ഉരസുക. പതിവായി ചെയ്യുന്നത് പ്രകൃതിദത്തമായി ചുണ്ട് ചുവക്കാൻ സഹായിക്കും.
മറ്റൊന്ന് നാരങ്ങനീരും പഞ്ചസാരയും മിക്‌സ് ചെയ്ത് അധികം ശക്തിഉപയോഗിക്കാതെ ചുണ്ടിൽ സ്‌ക്രബ് ചെയ്യുക. ഇത് ചുണ്ടിന് സൂര്യപ്രകാശം ഏറ്റ് നഷ്ടപ്പെട്ട സ്വാഭാവിക നിറം തിരിച്ചെത്തിക്കാൻ സഹായിക്കുന്നു.
വെള്ളരിക്കാജ്യൂസും ചുവന്ന അധരങ്ങൾ നേടാൻ സഹായിക്കും. വെള്ളരിക്കയുടെ നീര് എടുത്ത് ചുണ്ടിൽ തേച്ചുപിടിപ്പിച്ചാൽ ഇത് ഉണങ്ങുമ്പോൾ മൃദുവായി നനഞ്ഞ തുണി കൊണ്ട് തുടച്ചുകളയുന്നത് ചുണ്ടുകളുടെ നിറം വർദ്ധിപ്പിക്കും. ബദാം ഓയിൽ ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് ചുണ്ടുകളിൽ തേച്ചുപിടിപ്പിക്കാം, ഇത് അധരങ്ങൾ മൃദുലമാകാൻ സഹായിക്കും.
നാരങ്ങാനീരം തേനും തുല്യണ അളവിൽ എടുത്ത് മസാജ് ചെയ്ത് ഒരുമണിക്കൂറിന് ശേഷം ഒപ്പിയെടുക്കുന്നത് സ്ഥിരമാക്കിയാലും ചുണ്ടിന് സ്വാഭാവിക നിറം നൽകും.
ഇനി ലിപ്സ്റ്റികിന് പകരം ഉപയോഗിക്കാനുള്ള ഒരു ലിപ് ബാം ആണ് ആവശ്യമെങ്കിൽ അതും വീട്ടിലുണ്ടാക്കാം. രണ്ട് ചുവന്ന ചെമ്പരത്തിപ്പൂവ്,ഒരു ടീസ്പൂൺ വെളിച്ചെണ്ണ,ഒരു ടീസ്പൂൺ നാരങ്ങനീര് എന്നിവയാണ് ഇതിന് ആവശ്യം. ആദ്യം രണ്ട് ചെമ്പരത്തിപ്പൂവിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൈ കൊണ്ട് നന്നായി പിഴിഞ്ഞ് ജ്യൂസ് എടുക്കുക. ഇതിലേക്ക് നാരങ്ങനീര് ചേർത്ത് യോജിപ്പിച്ച് ഉപയോഗിക്കുക. ബോളിവുഡ് താരസുന്ദരി ആലിയ ഭട്ട് ആരാധകർക്ക് പറഞ്ഞു കൊടുത്ത ഹാക്ക് ആണിത്.
Discussion about this post