പാലക്കാട്: ഉപതിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ ബാക്കി നിൽക്കേ പാലക്കാട് സിപിഎമ്മിന് ശക്തമായ തിരിച്ചടി. സിപിഎം ഏരിയ കമ്മിറ്റി അംഗം അബ്ദുൾ ഷുക്കൂർ പാർട്ടിവിട്ടു. നേതൃത്വത്തിന്റെ കടുത്ത അവഗണനയാണ് പാർട്ടിവിടാൻ കാരണം എന്ന് ഷുക്കൂർ പ്രതികരിച്ചു. സിപിഎമ്മുമായി ബന്ധം ഉപേക്ഷിച്ച ഷുക്കൂർ കോൺഗ്രസിൽ ചേരുമെന്നാണ് സൂചന.
പാലക്കാട് ഓട്ടോ ടാക്‌സി യൂണിയൻ ജില്ലാ ട്രഷററും മുൻ നഗരസഭ കൗൺസിലറുമാണ് ഷുക്കൂർ. കഴിഞ്ഞ ദിവസം ഷുക്കൂറും സുരേഷ് ബാബുവും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎമ്മിനുള്ളിലെ രഹസ്യമായ പ്രശ്‌നങ്ങൾ പരസ്യമായത്. ഇതിന് പിന്നാലെ നേതൃത്വത്തെ വിമർശിച്ച ഷുക്കൂർ പാർട്ടിവിടുന്നതായി അറിയിക്കുകയായിരുന്നു. സിപിഎം നേതാവ് എൻഎൻ കൃഷ്ണദാസിന്റേ നേതൃത്വത്തിൽ ഷുക്കൂറിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്,
സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നാണ് ഷുക്കൂർ പറയുന്നത്. തിരഞ്ഞെടുപ്പിൽ പാർട്ടി വിജയിക്കണമെന്ന് സെക്രട്ടറിയ്ക്ക് ആഗ്രഹം ഇല്ലെന്നും ഷുക്കൂർ വ്യക്തമാക്കുന്നു.
അതേസമയം സരുൺ പാർട്ടിവിട്ടതിന് പിന്നാലെ ഷുക്കൂറിനെ സ്വന്തം പാളയത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ കോൺഗ്രസ് ആരംഭിച്ചിരുന്നുവെന്നാണ് വിവരം. കോൺഗ്രസ് കൗൺസിലർ വഴിയായിരുന്നു ശ്രമം.
Discussion about this post