പാലക്കാട്: മാദ്ധ്യമങ്ങളോട് രോഷാകുലനായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എൻഎൻ കൃഷ്ണദാസ്. സിപിഎം നേതാവ് ഷുക്കൂർ പാർട്ടിവിട്ടതുമായി ബന്ധപ്പെട്ട് മാദ്ധ്യമ പ്രവർത്തകർ ഉന്നയിച്ച ചോദ്യമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. മറ്റുള്ളവരോട് ചോദിക്കുന്നത് പോലെ എന്നോട് ചോദിയ്ക്കാൻ വരരുത് എന്നും കൃഷ്ണദാസ് പറഞ്ഞു.
നേതൃത്വത്തോടുള്ള കടുത്ത വിയോജിപ്പിനെ തുടർന്നാണ് ഷുക്കൂർ പാർട്ടിവിട്ടത്. ഇതിന് പിന്നാലെ ഷുക്കൂറിനെ അനുനയിപ്പിക്കാനായി കൃഷ്ണദാസാണ് ഇടപെട്ടത്. ഇതുമായി ബന്ധപ്പെട്ട പ്രതികരണം തേടിയ മാദ്ധ്യമ പ്രവർത്തകരോട് ആണ് അദ്ദേഹം കയർത്തത്.
മാദ്ധ്യമങ്ങൾ അടുത്തുവരുന്നത് കണ്ട കൃഷ്ണദാസ് മാറ് മാറ് എന്ന് പലകുറി പറഞ്ഞു. പിന്നീട് അരിശത്തോടെ മാറാൻ പറഞ്ഞാൽ മാറണം എന്ന് ആക്രോശിക്കുകയായിരുന്നു. ‘എല്ലാവരോടും സംസാരിക്കുന്നത് പോലെ എന്നോട് സംസാരിക്കരുത്. നിങ്ങളോടൊക്കെ ഇത് പറയേണ്ട കാര്യമുണ്ടോ?. നിങ്ങൾ കഴുകൻമാരെ പോലെ നടക്കുകയല്ലെ?. ഞങ്ങളുടെ പാർട്ടിയിലെ കാര്യം ഞങ്ങൾ തീർത്തോളാം. കോലും കൊണ്ട് എന്റെ അടുത്തേയ്ക്ക് വരരുത് എന്നും കൃഷ്ണദാസ് വ്യക്തമാക്കി.
Discussion about this post