കൊല്ലം: കൊല്ലത്ത് ചെറുവള്ളങ്ങൾക്ക് മത്സ്യം കിട്ടാക്കനിയാകുന്നു. ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾ ചെറിയ കണ്ണികളുള്ള വല ഉപയോഗിച്ച് പൊടിമീനുകളെ പിടികൂടുന്നത് വ്യാപകമായതോടെയാണ് ഇത് സംഭവിക്കുന്നത്. ശക്തികുളങ്ങര,നീണ്ടകര ഹാർബറുകൾ കേന്ദ്രീകരിച്ച് പരസ്യമായി പൊടിമീൻ കച്ചവടം നടക്കുന്നതായി മത്സ്യത്തൊഴിലാളികൾ പരാതിപ്പെടുന്നു.
വളം നിർമ്മാണത്തിനായാണ് മത്സ്യസമ്പത്തിന്റെ സുസ്ഥിരതയെ ബാധിക്കുന്ന തരത്തിൽ ഇങ്ങനെ അനധികൃത മത്സ്യബന്ധനം നടക്കുന്നത്. വള്ളം നിർമ്മാണ രംഗത്ത് വൻ ഡിമാൻഡുള്ള പൊടിമീനിന് വളർച്ചയെത്തിയ മത്സ്യങ്ങളെക്കാൾ ഉയർന്ന വിലയാണ്. പല ബോട്ടുകൾക്കും പൊടിമീൻ വിൽപ്പനയിലൂടെ എട്ട് മുതൽ 12 ലക്ഷം വരെ വരുമാനം ലഭിക്കുന്നതായി പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറയുന്നു. കയറ്റുമതി ചെയ്യുന്ന മത്സ്യങ്ങളെപ്പോലെ പൊടിമീൻ കച്ചവടവും പല ബോട്ടുകളും കടലിൽ വച്ച് ഉറപ്പിക്കും.
പൊടിമീൻ വേട്ട തടയാനായി ഓരോ ഇനം മത്സ്യത്തിന്റെയും പിടിക്കാവുന്ന നീളം നിശ്ചയിച്ച് സർക്കാർ വിജ്ഞാപനം ഉണ്ടെങ്കിലും പലരും ഇത് മുഖവിലയ്ക്ക് എടുക്കാതെ നിയമവിരുദ്ധമായി കാര്യങ്ങൾ ചെയ്യുന്നു. പൊടിമീൻ വേട്ട കാരണം മത്സ്യലഭ്യത ഇടിയുന്നതിനാൽ പരമ്പരാഗത വള്ളക്കാർ കടുത്ത നിരാശയിലാണ്. ഇവർ മത്സ്യബന്ധനം നടത്തുന്ന തീരക്കടൽ കേന്ദ്രീകരിച്ചും ബോട്ടുകൾ പൊടിമീൻ വേട്ട നടത്തുന്നുണ്ട്.
Discussion about this post