ചേലക്കര;നവീന്‍ ബാബു കേസിലെ പ്രതി പി.പി.ദിവ്യ ഏത് പാർട്ടി ഗ്രാമത്തിലാണ് ഒളിച്ചിരിക്കുന്നതെന്ന് സിപിഎമ്മിന് അറിയാമെന്ന് മുന്‍കേന്ദ്രമന്ത്രി വി.മുരളീധരന്‍. കേരള പൊലീസ് നിസഹായരായി നിൽക്കുകയാണ്. ആത്മഹത്യ പ്രേരണക്കുറ്റത്തിലെ പ്രതിയായ നേതാവിനെ ഒന്ന് ചോദ്യം ചെയ്യാൻ പോലും സാധിക്കാത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇതിനുള്ള ജനങ്ങളുടെ മറുപടിയാവും ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് മുരളീധരന്‍ പറഞ്ഞു.വള്ളത്തോൾ നഗറിൽ കെ.ബാലകൃഷ്ണന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുന്‍ എം.എല്‍.എ കെ.രാധാകൃഷ്ണനെ ഡൽഹിയിലേക്ക് പറഞ്ഞുവിട്ടത് മുഖ്യമന്ത്രിക്ക് പേടിയുള്ളതുകൊണ്ടെന്നും വി.മുരളീധരൻ വിമർശിച്ചു. പിൻമുറക്കാരനായി മരുമകൻ മാത്രം മതിയെന്ന നിലപാടാണ് പിണറായിക്കെന്നും അദ്ദേഹം പരിഹസിച്ചു.ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരസ്കരിച്ച നേതാവിനെ എഴുന്നള്ളിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്. പാട്ടുപാടി രാഷ്ട്രീയത്തിൽ വന്നവരെല്ലാം പിന്നീട് എന്തുചെയ്തെന്ന് പ്രബുദ്ധരായ വോട്ടർമാർക്ക് അറിയാം. താഴെത്തട്ടുമുതല്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് വന്നയാളാണ് എൻഡിഎ സ്ഥാനാർത്ഥി കെ.ബാലകൃഷ്ണനെന്നും മണ്ഡലത്തിൽ മുന്നേറ്റമുണ്ടാക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്നും വി.മുരളീധരൻ പറഞ്ഞു.
Discussion about this post